വയനാട്ടുകാരെ അമേഠിയിലേക്ക് ക്ഷണിച്ച് സ്മൃതി ഇറാനി

Thursday 4 April 2019 11:22 am IST
” വയനാട്ടിലെ ജനങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. നിങ്ങള്‍ അമേഠിയിലേക്ക് ഒരു തവണയെങ്കിലും വരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാഹുല്‍ അമേഠിയില്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ടുകാണാമല്ലോ. ഒരു വികസനവും അദ്ദേഹം അവിടെ നടത്തിയിട്ടില്ല”

ലക്നൌ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാഹുല്‍ അമേഠിയെ അപമാനിച്ചിരിക്കുകയാണ്. അമേഠിയിലെ ജനങ്ങള്‍ ഇത് പൊറുക്കില്ലെന്നും സ്മൃതി പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന് മുന്‍പ് വയനാട്ടുകാരോട് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് സ്മൃതി ഇറാനി സംസാരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അമേഠിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്ത രാഹുല്‍ ഗാന്ധിയാണ് അമേഠിക്ക് പിറകെ ഇപ്പോള്‍ വയനാട്ടില്‍ കൂടെ മത്സരിക്കുന്നത്. ” വയനാട്ടിലെ ജനങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. നിങ്ങള്‍ അമേഠിയിലേക്ക് ഒരു തവണയെങ്കിലും വരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാഹുല്‍ അമേഠിയില്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ടുകാണാമല്ലോ. ഒരു വികസനവും അദ്ദേഹം അവിടെ നടത്തിയിട്ടില്ല”- എന്നായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം.

രാഹുല്‍ ഗാന്ധിയ്ക്ക് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി വിവിധ പദവികൾ ആസ്വദിച്ചത് അമേഠിയുടെ പിന്തുണകൊണ്ടാണ്. ഇതു മറന്നാണ് അദ്ദേഹം ഇപ്പോള്‍ മറ്റൊരിടത്ത് മത്സരിക്കാന്‍ പോയിരിക്കുന്നതെന്നും സ്മൃതി പരിഹസിച്ചു. ഇത് അമേഠിയെ അപമാനിക്കുന്നതിന് തുല്യമാണ്. ജനങ്ങൾ രാഹുലിനോട് പൊറുക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം. 

അമേഠിയിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം തനിക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് രാജ്യത്തെ കട്ടുമുടിക്കുകയായിരുന്നെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.