വികസനമാണ് അജണ്ടയെന്ന് സുരേഷ് ഗോപി

Thursday 4 April 2019 11:33 am IST

തൃശൂര്‍: നാടിന്റെ വികസനമാണ് തന്റെ അജണ്ടയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇന്ന് ഗുരുവായൂരപ്പനെ ദര്‍ശിച്ച ശേഷം തൃശൂരിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് സൃഷ്ടിച്ച മാറ്റവും വളര്‍ച്ചയും കാണാതിരിക്കുന്നത് ശരിയല്ല. 

നരേന്ദ്രമോദിയുടെ വികസനത്തിനാണ് താന്‍ വോട്ട് ചോദിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കഴിവിന്റെ പരമാവധി ശ്രമം നടത്തും. മോദിയുടെ വികസനസ്വപ്നങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും  സുരേഷ് ഗോപി വ്യക്തമാക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തിയതോടെ എതിര്‍ക്യാമ്പുകളില്‍ ആശങ്കയേറി. രാഷ്ട്രീയത്തിനുപരിയായുള്ള അദ്ദേഹത്തിന്റെ ഇമേജ് എതിരാളികളെ വലയ്ക്കുന്നു. 

അങ്ങേയറ്റം മനുഷ്യത്വപരമായ ഇടപെടല്‍. അതാണ് സുരേഷ് ഗോപിയെ ജനകീയനാക്കുന്നത്. അട്ടപ്പാടിയില്‍ അരിമോഷ്ടിച്ചതിന് ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ ആദ്യം സാന്ത്വനവുമായെത്തിയത് സുരേഷ് ഗോപിയായിരുന്നു. തിരുവല്ലയിലെ എച്ച്‌ഐവി ബാധിതരായ കരുന്നുകള്‍ അനന്തുവിനെയും അക്ഷരയെയും ചുറ്റുമുള്ളവര്‍ ഒറ്റപ്പെടുത്തിയപ്പോള്‍ തണലായതും സുരേഷ് ഗോപി തന്നെ. 

 സോഷ്യല്‍ മീഡിയയിലും സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തരംഗമാവുകയാണ്. തൃശൂരിന് ഇതിലും മനുഷ്യസ്‌നേഹിയായ ഒരു സ്ഥാനാര്‍ത്ഥി സ്വപ്നങ്ങളില്‍ മാത്രം എന്ന വാചകത്തോടെ പോസ്റ്റുകള്‍ നിറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.