കൊച്ചിയില്‍ ഇടതിന് അങ്കലാപ്പ്; ഇതെന്തുപറ്റി

Thursday 4 April 2019 5:33 pm IST

കൊച്ചി: പതിനെട്ടു ദിവസം മാത്രം പ്രചാരണത്തിന് ശേഷിക്കെ എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷത്തിന് അങ്കലാപ്പ്, ഇതെന്തു പറ്റി? പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി വന്നിട്ട് ആവേശം ഇങ്ങനെമതിയോ. ഓളം ഇത് മതിയോ. അതും പ്രധാന സഖാവ് മത്സരിക്കുമ്പോള്‍? കൂടിയാലോചനകളും വിചാരണകളും നടക്കുമ്പോള്‍ കുറ്റം പറച്ചിലുകളും അടക്കം പറച്ചിയുകളും തുടങ്ങിക്കഴിഞ്ഞു.

പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എറണാകുളത്തുണ്ടായിരുന്നു ഇന്നലെ. വൈകിട്ട് ആറരയ്ക്ക് സമാപന പരിപാടിയാണ് നഗരത്തില്‍ രാജേന്ദ്രമൈതാനിയില്‍ നിശ്ചയിച്ചത്. അതിനു മുമ്പ് അഞ്ചരയ്ക്ക് തൃപ്പൂണിത്തുറയിലും. എന്നാല്‍, വൈകിട്ട് ഓഫീസുകള്‍ പിരിയുമ്പോള്‍ കൊച്ചി നഗരത്തില്‍ പരിപാടിയെന്ന് നിശ്ചയിച്ച് പരിപാടി നേരത്തേയാക്കി. രാജേന്ദ്ര മൈതാനിയില്‍ അഞ്ചരയ്ക്ക് പരിപാടിയാക്കി. 

പക്ഷേ, പരിപാടി തുടങ്ങിയത് ആറരയും കഴിഞ്ഞ്. ആകെ ഉണ്ടായിരുന്നത് 350 പേര്‍. നിരത്തിയിരുന്ന കസേരയിലിരിക്കാന്‍ മുന്‍ നിരകളില്‍ ആളില്ലാതായി. മൈക്കില്‍ അഭ്യര്‍ഥിച്ചാണ് സഖാക്കളെ കയറ്റിയിരുത്തിയത്. 

എം. സ്വരാജ് എംഎല്‍എയുടെ പ്രസംഗം നീട്ടി, പാര്‍ട്ടി സെക്രട്ടറി യെച്ചൂരി വരുംവരെ ആളെ പിടിച്ചിരുത്തി. സ്വരാജാകക്കെ, പാര്‍ട്ടി നയവും നിലപാടും പറയുന്നതിനു പകരം നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധിയേയും പഴി പറഞ്ഞു. മോദി പോകേണ്ടതിന്റെ ആവശ്യകത വിവരിച്ച് കോണ്‍ഗ്രസ് തോല്‍ക്കേണ്ടതിനു കാരണം പറഞ്ഞുവന്നപ്പോള്‍ പറഞ്ഞുവെച്ചത് ഇങ്ങനെ: ''കോണ്‍ഗ്രസുകാര്‍ പാര്‍ലമെന്റില്‍ പോകരുത്. അവര്‍ ബിജെപിക്കൊപ്പം പോകും. തെരഞ്ഞെടുപ്പുകഴിഞ്ഞ് മോദിക്ക് പ്രധാനമന്ത്രിയാകാന്‍ ഏഴോ എട്ടോ പേരുടെ പിന്തുണ വേണ്ടിവന്നാല്‍ കോണ്‍ഗ്രസുകാര്‍ കാലുമാറും...'' അപ്പോള്‍ മോദിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണോ സഖാവു പറയുന്നതെന്ന് ചിലര്‍ അടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു.

രാഹുലിനെ മണ്ടന്‍ എന്നു വിളിച്ച സ്വരാജ്, രാഹുല്‍ പാര്‍ലമെന്റില്‍ എത്ര ചോദ്യം ചോദിച്ചു. എത്രവട്ടം ചര്‍ച്ചയില്‍ പങ്കെടുത്തു, എത്ര സ്വകാര്യ ബില്‍ അവതരിപ്പിച്ചുവെന്ന് ചോദിച്ചു. പ്രിയങ്കയുടെ കഴിവല്ല, മൂക്കും മുടിയും സാരിയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍പോലും മഹത്തരമായി കാണുന്നതെന്ന് പറഞ്ഞ സ്വരാജ്, സ്ത്രീകളെ കോണ്‍ഗ്രസ് അങ്ങനെയാണ് കാണുന്നതെന്ന് വിമര്‍ശിച്ചത് രമ്യാ ഹരിദാസിനെ എ. വിജയരാഘവന്‍ അപമാനിച്ച കാര്യം ഓര്‍മിപ്പിക്കുകയായിരുന്നു.

സീതാറാം യെച്ചൂരി വന്നിറങ്ങിയപ്പോള്‍ വളരെ തണുപ്പന്‍ പ്രതികരണമായിരുന്നു. മൈക്കിലൂടെ പ്രഖ്യാപനം ഉണ്ടായെങ്കിലും യെച്ചൂരിക്ക് സിന്ദാബാദ് വിളിക്കാന്‍ പോലും വിരലിലെണ്ണാവുന്നവരേ തയാറായുള്ളു. ഇങ്കിലാബ് വിളിച്ചിട്ട് ഏറ്റുവിളിക്കാന്‍ ആളില്ലാഞ്ഞതിനാല്‍ മതിയാക്കി. വേദിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സിനെ യെച്ചൂരി കാര്യമായി ഗൗനിച്ചില്ല. സിപിഐ നേതാവ് പി. രാജുവിനെയും കാര്യമായി പരിഗണിച്ചില്ല. മോദി വിരുദ്ധ പ്രസംഗമല്ലാതെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചില്ല. തമാശകളും മറ്റും പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും സദസ് കാര്യമായി പരിഗണിച്ചില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി യോഗം കഴിഞ്ഞ് ഇംഗ്ലീഷ് പ്രസംഗത്തിന്റെ അവസാന ഭാഗം പരിഭാഷ പൂര്‍ത്തിയാക്കുംമുമ്പേ വേദി വിട്ടു പോകുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.