പിഎം നരേന്ദ്രമോദി സിനിമ; വിശദമായ വാദം തിങ്കളാഴ്ച

Friday 5 April 2019 1:01 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച പിഎം നരേന്ദ്ര മോദി എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിങ്കളാഴ്ച സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് അമന്‍ പന്‍വര്‍ ആണ് കോടതിയെ സമീപിച്ചത്. 

ചിത്രത്തിന്റെ റിലീസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നുമാണ് കോണ്‍ഗ്രസ് വാദം. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. പന്ത്രണ്ടിനാണ് ചിത്രത്തിന്റെ റിലീസിങ് തീയതി നിശ്ചയിച്ചിരിക്കുന്നത്. വിവിധ ഹൈക്കോടതികളെ കോണ്‍ഗ്രസ് സമീപിച്ചെങ്കിലും കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

മാര്‍ച്ച് 25നായിരുന്നു ആദ്യം റിലീസിങ് തീയതി നിശ്ചയിച്ചതെങ്കിലും കോണ്‍ഗ്രസ് ബോംബേ ഹൈക്കോടതിയെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. എന്നാല്‍, ഏപ്രില്‍ മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ സിനിമ പുറത്തിറക്കുന്നതില്‍ വിരോധമില്ലെന്ന് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതോടെയാണ് ഇന്നലെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.