ബത്തേരി: പാര്‍ട്ടി നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് ബത്തേരി നഗരസഭ മുന്‍സിപ്പല്‍ ചെയര്മാന് ടി.എല്‍. സാബുവിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് കേരള കോണ്‍ഗ്രസ് (എം). മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം നിരസിച്ചിതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ചെയര്മാന് സ്ഥാനം രാജിവെക്കണമെന്ന കേരളാ കോണ്‍ഗ്രസ് (എം) നിര്‍ദ്ദേശം സാബു തള്ളിയതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ജെ. ദേവസ്യയാണ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞുപ്പ് പ്രചാരണത്തിനായി ഇത്തവണ യുഡിഎഫിന് വേണ്ടി സാബു ഇറങ്ങിയിരുന്നില്ല. ഇതും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.
സാബു ബുധനാഴ്ചക്കുള്ളില്‍ നഗരസഭാ ചെയര്മാന് പദവിയില്‍ നിന്നും രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദേവസ്യയുടെ കത്ത് അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ നേതാക്കള്‍ അദ്ദേഹത്തിന്റെ വിട്ടിലെത്തി എല്പ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷമില്ലാതിരുന്ന സിപിഎം, യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ടി.എല്‍. സാബുവിന്റെ പിന്തുണയോടെയാണ് നഗരസഭയുടെ ഭരണം പിടിച്ചെടുത്തത്.
കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ പ്രസിഡന്റ് വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിലെ ഒരു പ്രധാനകക്ഷി എല്‍ഡിഎഫുമായി ചേര്‍ന്ന് ഭരണം പങ്കിടുന്നതിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും ലീഗില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃത്വം സാബുവിനോട് രാജി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: