മതതീവ്രവാദ സംഘടനകള്‍ക്ക് പിന്നാലെ ഇടതു ഭക്തരും കോണ്‍ഗ്രസിനൊപ്പം

Friday 5 April 2019 3:28 pm IST

ആലപ്പുഴ: അന്ധമായി സിപിഎമ്മിനും പിണറായി വിജയനും സ്തുതി പാടിയിരുന്ന സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകര്‍ കൂട്ടത്തോടെ രാഹുല്‍ ഭക്തരായി. പോറ്റി വളര്‍ത്തിയവരുടെ മറുകണ്ടം ചാടല്‍ സിപിഎമ്മിനെ വെട്ടിലാക്കി. ഇടതാഭിമുഖ്യമല്ല, അന്ധമായ ബിജെപി വിരുദ്ധതയും ദേശീയതയ്‌ക്കെതിരായ ചിന്തകളുമാണ് ഇക്കൂട്ടരെ നയിച്ചിരുന്നതെന്ന് വ്യക്തം. 

രാഹുല്‍ അമേഠിയിലെ പരാജയഭയത്തില്‍ വയനാട് മത്സരിക്കാനെത്തിയതോടെയാണ് ചില സാംസ്‌കാരിക നായകര്‍ രാഹുല്‍ ഭക്തരായി മാറിയത്. രാഹുലിന് ഇടതുപക്ഷം പിന്തുണ നല്‍കണമെന്നാണ് കവി സച്ചിദാനന്ദന്റെ അഭിപ്രായം. രാഹുല്‍ ജയിക്കേണ്ടത് ഇടതുപക്ഷത്തിന്റെ കൂടി ആവശ്യകതയാണെന്ന് സച്ചിദാനന്ദന്‍ പറയുന്നു. വയനാട്ടില്‍ ജയിക്കാനാണ് ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിജയമാണ് ഇടതുവിജയമെന്ന് സച്ചിദാനന്ദന്‍ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്. 

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനാകട്ടെ സിപിഎം നേതാക്കള്‍ രാഹുലിനെ പരിഹസിക്കുന്നതിലാണ് വിഷമം. അമൂല്‍ ബേബിയെന്ന പരിഹാസത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനാണ് രാഹുലിനെ അമൂല്‍ ബേബിയെന്ന് പേരിട്ടു വിളിച്ചത്. ശശി തരൂര്‍ ജയിക്കണമെന്നാണ് കഥാകൃത്ത് സക്കറിയയുടെ നിലപാട്. ഇതിനെതിരെ ഇടതുസൈബര്‍ പോരാളികള്‍ രംഗത്തുവന്നെങ്കിലും സക്കറിയയ്ക്ക് കുലുക്കമില്ല. 

നരേന്ദ്ര മോദിയേയും സംഘപരിവാറിനെയും ശക്തമായി നേരിടാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂയെന്ന് വ്യാപക പ്രചാരണം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിമ്മും, ഇടതുപക്ഷവും നടത്തുന്നതിനിടെയാണ് സച്ചിദാനന്ദനടക്കമുള്ളവര്‍ മറുകണ്ടം ചാടി കോണ്‍ഗ്രസിന് ഒപ്പം കൂടിയത്. മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കോണ്‍ഗ്രസ് ആഭിമുഖ്യം ശ്രദ്ധേയമാകുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി മുഴുവന്‍ മണ്ഡലങ്ങളിലും യൂഡിഎഫിനെ പിന്തുണയ്ക്കുമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു. 

മുസ്ലിംലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയതും, വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വവും തമ്മില്‍ ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മതതീവ്രവാദ സംഘടനകളുടേയും തീവ്ര ഇടതുപക്ഷ സംഘടനകളുടെയും പിന്തുണ ഉറപ്പാക്കുന്നതില്‍ ആദ്യ റൗണ്ട് വിജയം രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് നേടിയെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കളിച്ച കളികള്‍ കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണ്. കേരള രാഷ്ട്രീയത്തെ മതന്യൂനപക്ഷ കേന്ദ്രീകൃതമാക്കുകയാണ് ഇടതു-വലതു മുന്നണികള്‍ എന്നാണ് ആക്ഷേപം ഉയരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.