കോണ്‍ഗ്രസിനെ വെട്ടിലാക്കി ന്യായ് പദ്ധതി

Saturday 6 April 2019 1:31 am IST

ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി കോണ്‍ഗ്രസിന് ബൂമറാങ്ങായി. പദ്ധതിക്കായി ലക്ഷക്കണക്കിന് കോടി രൂപ കണ്ടെത്തുന്നതിന് ഇടത്തരക്കാരുടെ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്ന രാഹുലിന്റെ സാമ്പത്തിക ഉപദേശകനും കോണ്‍ഗ്രസ് നേതാവുമായ സാം പിട്രോഡയുടെ പ്രസ്താവനയാണ് വിവാദമായത്. 

അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ചുമത്തിയാവും പദ്ധതി നടപ്പാക്കുകയെന്ന കോണ്‍ഗ്രസിന്റെ പ്രചാരണം വ്യാജമായിരുന്നെന്നും ഇടത്തരക്കാരെ പിഴിയാനാണ് രാഹുലും സംഘവും ലക്ഷ്യമിടുന്നതെന്നും ഇതോടെ വ്യക്തമായി. എന്നാല്‍ നികുതി വര്‍ധനവാണ് ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പുറത്തായാല്‍ തിരിച്ചടി ഉണ്ടാവുമെന്നതിനാല്‍ പിട്രോഡയെ തള്ളി രാഹുലും പി. ചിദംബരവും രംഗത്തെത്തി. ന്യായ് പദ്ധതിക്കായി പ്രതിവര്‍ഷം ചെലവാകുന്ന 3.26 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിനായി നികുതി വര്‍ധനവല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നാണ് സാമ്പത്തിക വിദഗ്ധരെല്ലാം വ്യക്തമാക്കുന്നത്. 

950ലേറെ സബ്‌സിഡികളിലായി രാജ്യത്തെ ദരിദ്ര ജനവിഭാഗത്തിന് പ്രതിവര്‍ഷം ഒരുലക്ഷത്തിന് മുകളില്‍ രൂപയാണ് നിലവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. നല്ല സബ്‌സിഡി സ്‌കീമുകള്‍ നിലനിര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പരാമര്‍ശം ബഹുഭൂരിഭാഗം സബ്‌സിഡികളും അവസാനിപ്പിച്ച ശേഷം ന്യായ് പദ്ധതിക്ക് പണം കണ്ടെത്തുമെന്നതിന്റെ സൂചനയാണ്. ഇതിനെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിമര്‍ശനവുമായി രംഗത്തെത്തി. രാഹുലിന്റെ സാമ്പത്തിക ഉപദേശകരായ അഭിജീത് ബാനര്‍ജിയും സാം പിട്രോഡയും നികുതി വര്‍ധനവിലൂടെയാണ് പണം കണ്ടെത്തേണ്ടതെന്ന് പലതവണ പറഞ്ഞതായും ജെയ്റ്റ്‌ലി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.