ലീഗ് സാന്നിധ്യം കോണ്‍ഗ്രസ്സിനെ ഉലയ്ക്കുന്നു

Saturday 6 April 2019 3:01 am IST

ന്യൂദല്‍ഹി: മുസ്ലിം വോട്ടുബാങ്കിന്റെ കരുത്തില്‍ ജയിച്ചുകയാറാന്‍ വയനാട്ടിലെത്തിയ രാഹുലിന് മുസ്ലിംലീഗിന്റെ തണല്‍ തിരിച്ചടിയാവുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിനു ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ പരിഗണിക്കാതെ വയനാടു തെരഞ്ഞെടുത്തത് ലീഗിന്റെ ഔദാര്യത്തില്‍ ജയിക്കാമെന്ന ഉറപ്പിലാണ്. എന്നാല്‍ വയനാട്ടിലെ മുസ്ലിംലീഗ് സാന്നിധ്യം കോണ്‍ഗ്രസിന് വലിയ തലവേദനയാവുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന പ്രചാരണ വിഷയമായി അമേഠിയില്‍ നിന്നുള്ള ഒളിച്ചോട്ടവും രാഹുലിന്റെ മുസ്ലിം ലീഗ് ബന്ധവും മാറുകയാണ്. മുസ്ലിംലീഗ് എന്നത് മാരക വൈറസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചു. മുസ്ലിംലീഗ് എന്നത് ഒരു വൈറസാണ്. ഈ വൈറസ് ബാധിച്ചവര്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്സിനെ ലീഗ് വൈറസ് ഗുരുതരമായി ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് ആലോചിക്കുക. ലീഗ് വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കും, ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്ന ആദിത്യനാഥിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലാക്കി. 

1857ലെ ഒന്നാം സ്വാതന്ത്ര്യസമരം പരാമര്‍ശിച്ച ആദിത്യനാഥ് മംഗള്‍ പാണ്ഡെയ്‌ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി ബ്രിട്ടീഷുകാരെ എതിര്‍ത്തതായി ചൂണ്ടിക്കാട്ടി. എന്നാല്‍ മുസ്ലിംലീഗ് വൈറസ് ബാധിച്ചതോടെ രാജ്യം തന്നെ വിഭജിക്കപ്പെട്ടു. ഇതേ ഭീഷണി വീണ്ടും രാജ്യത്തിന് മുകളില്‍ വരികയാണ്. ലീഗിന്റെ പച്ചപ്പതാകകള്‍ വീണ്ടും പാറിത്തുടങ്ങിയിരിക്കുന്നു. രാജ്യത്തെ വിഭജിച്ച മുസ്ലിംലീഗുമായി കൂട്ടുചേര്‍ന്ന് രാഹുല്‍ രഹസ്യ അജണ്ട നടപ്പാക്കുകയാണെന്നും കഴിഞ്ഞ ദിവസം ആദിത്യനാഥ് ആരോപിച്ചിരുന്നു. 

വയനാട്ടില്‍ നടത്തിയ റോഡ് ഷോയിലെ ലീഗ് പതാകകളുടെ വലിയ സാന്നിധ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കൈലാസ യാത്രയും ക്ഷേത്രദര്‍ശനങ്ങളും ദത്താത്രേയ ബ്രാഹ്മണനാണെന്ന പ്രചാരണവുമെല്ലാം നടത്തി ഹിന്ദു വോട്ട്ബാങ്ക് ലക്ഷ്യമിട്ട രാഹുലിനെ അമേഠിയിലെ പരാജയഭീതിയാണ് കുഴപ്പിച്ചത്. ഇതോടെ സുരക്ഷിതമായ മണ്ഡലം തേടി ന്യൂനപക്ഷസ്വാധീനമുള്ള വയനാട്ടിലേക്ക് രാഹുലിന് എത്തിപ്പെടേണ്ടിവന്നു. അമേഠിയില്‍ പരാജയം ഉറപ്പായതോടെ വയനാട് മണ്ഡലം രാഹുല്‍ ഇനി സ്ഥിരമാക്കുമെന്ന പ്രചാരണവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.