ലീഗ് യോഗിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ട

Saturday 6 April 2019 3:30 am IST

തിരുവനന്തപുരം: ''ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാഷ്ട്രീയവും ലീഗിന്റെ ചരിത്രവും അറിയില്ലെ''ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

''യോഗിക്ക് ഭൂമിശാസ്ത്രവുമറിയില്ല ലീഗിനെക്കുറിച്ചും അറിയില്ല''- കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സിന് മുസ്ലീംലീഗ് വൈറസ് ബാധിച്ചുവെന്ന യോഗിയുടെ വിമര്‍ശനത്തെ പിടിച്ചാണ് ഇരുപാര്‍ട്ടികളുടെയും ഉറഞ്ഞുതുള്ളല്‍. ലീഗിന്റെ പരസ്യമായ ചരിത്രങ്ങള്‍ മറ്റെല്ലാര്‍ക്കും അറിയുന്നതുപോലെ യോഗിക്കും അറിയാം. നാട്ടുകാരറിയാത്ത ചരിത്രം കോണ്‍ഗ്രസ്സും ലീഗും ഒളിച്ചുവച്ചിട്ടുണ്ടെങ്കില്‍ അതവര്‍ വെളിപ്പെടുത്തുകയാണ് വേണ്ടത്. 

ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞവരാണ് ലീഗുകാര്‍. പ്രത്യേകം പ്രത്യേകം രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയതും ലീഗാണ്. അതിനുവഴങ്ങിയത് കോണ്‍ഗ്രസ്സാണ്. ''എന്നെ വെട്ടിമുറിച്ചതിനുശേഷമേ രാജ്യം വെട്ടിമുറിക്കാന്‍ സമ്മതിക്കൂ'' എന്ന ഗാന്ധിജിയുടെ പ്രതിജ്ഞ അഴുക്കുചാലില്‍ത്തള്ളി ചോരപ്പുഴ സൃഷ്ടിച്ചാണല്ലോ ഭാരതവിഭജനം നടന്നത്.

മതം ആദ്യം അതിനുശേഷം രാഷ്ട്രീയം എന്ന് ഇന്നും ഇന്നലെയും പറഞ്ഞ ലീഗ് നാളെ മറിച്ച് പറയുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടോ? പാര്‍ട്ടിയുടെ പേരില്‍ത്തന്നെ മതം ചേര്‍ത്തുവച്ച കക്ഷി വര്‍ഗീയമില്ലെന്ന് രാഹുലിന്റെ കോണ്‍ഗ്രസ്സിനേ പറയാന്‍ കഴിയൂ. നെഹ്‌റു ലീഗിനെ ചത്തകുതിരയെന്നാണ് ആക്ഷേപിച്ചിരുന്നത്. ചത്തകുതിരയെ ആദ്യം വാരിപ്പുണര്‍ന്നത് കേരളത്തിലെ കോണ്‍ഗ്രസ്സാണ്. അതും നെഹ്‌റു ജീവിച്ചിരിക്കെ. എന്നിട്ടും ലീഗുകാരനെ സ്പീക്കറാക്കേണ്ട സാഹചര്യം വന്നപ്പോള്‍ ലീഗില്‍നിന്നും രാജിവയ്പിച്ചു. ലീഗുകാര്‍ ആചാരമായി കാണുന്ന തൂവല്‍തൊപ്പി മുഹമ്മദ് കോയയില്‍നിന്നും ഊരിവാങ്ങിച്ചു. 

ദല്‍ഹിയില്‍ ലീഗിന്റെ പ്രവര്‍ത്തക സമിതി ചേരാനുള്ള തീരുമാനം അവസാനനിമിഷം ഉപേക്ഷിക്കേണ്ടിവന്നത് ഇന്ദിരാഗാന്ധി വിസമ്മതം പ്രകടിപ്പിച്ചപ്പോഴായിരുന്നു. ഈ ചരിത്രം കോണ്‍ഗ്രസ്സിന്റ സുര്‍ജേവാലയ്ക്ക് അറിയാമോ?

അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് നേതൃത്വം എന്തും ചെയ്യും. അത് ആന്റണിയായാല്‍പോലും. മുഖ്യമന്ത്രിയാകാന്‍ ലീഗിന്റെ തിരൂരങ്ങാടി സീറ്റില്‍ മത്സരിച്ച് ജയിച്ച ആളാണ് ആദര്‍ശവാന്‍. അതിന് ലീഗിന് വലിയ വിലതന്നെ നല്‍കേണ്ടിവന്നു. മാറാട് ശക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനിന്നത് ലീഗ് കണ്ണുരുട്ടിയതുകൊണ്ടാണെന്ന് ആര്‍ക്കാണറിയാത്തത്. രാഹുലിന് വയനാട് ഉപദേശിച്ചതും ആന്റണിയായിരിക്കുമല്ലൊ. ചത്തകുതിര നാറും, പേറിയവരും നാറും. സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങളെ ആവേശം കൊള്ളിച്ച പഞ്ചാക്ഷര മന്ത്രമുണ്ട്. 'വന്ദേമാതരം'. അത് ദേശീയഗാനമാക്കുന്നതിനെ എതിര്‍ത്തവരാണ് ലീഗ്. നിലവിളക്ക് കൊളുത്തുന്നത് മതനിന്ദയെന്ന് കരുതി മാറിനില്‍ക്കുന്ന ലീഗ് മതേതരമെന്ന് വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ്സിനെ വൈറസ് നന്നായി ബാധിച്ചിരിക്കുന്നു. 

ലീഗിന്റെ കോട്ടയെന്ന് കരുതുന്ന വയനാട്ടില്‍നിന്നെങ്ങാനും രാഹുല്‍ ജയിച്ച് അധികാരത്തില്‍ വന്നാല്‍ വീണ്ടുമൊരു വിഭജനം ഇന്ത്യ കാണേണ്ടിവരും. പാക്കിസ്ഥാന്‍ വാദം ഉയര്‍ന്നപ്പോള്‍ത്തന്നെ പൊങ്ങിവന്നതാണ് മാപ്പിളസ്ഥാന്‍ വാദം. മുസ്ലിം ഭൂരിപക്ഷമുള്ള മലബാറിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനം വേണമെന്ന വാദം അടുത്തിടെയും ഉയര്‍ന്നത് വിസ്മരിക്കാനാവില്ല. മാപ്പിളസ്ഥാന്‍ വാദം ന്യായമെന്ന് പറഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അംഗബലം പറഞ്ഞ് അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്ന ലീഗ് പഴയവാദം ഉന്നയിച്ചാല്‍ കോണ്‍ഗ്രസ് വഴങ്ങും. പ്രണയപരവശരായി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരും അതിനെ അംഗീകരിക്കും. അതുതന്നെയാണ് യോഗി ആദിത്യനാഥ് പ്രകടിപ്പിച്ച വൈറസ് ആശങ്ക. ലീഗിന്റെ ചരിത്രം മാത്രമല്ല, ചാരിത്ര്യവും യോഗിക്കറിയാം. യോഗിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ഇന്നത്തെ കോണ്‍ഗ്രസും മുസ്ലിംലീഗും മെനക്കെടേണ്ടതില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.