ദേവസ്വം ഭൂമി തിരിച്ചെടുക്കല്‍: പ്രവര്‍ത്തനം തോന്നിയപോലെ

Saturday 6 April 2019 3:52 am IST

കൊച്ചി: അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ കണ്ടെത്തി സംരക്ഷിക്കാന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് രൂപീകരിച്ച കൊച്ചിന്‍ ദേവസ്വം സ്‌പെഷല്‍ തഹസില്‍ദാര്‍ യൂണിറ്റുകള്‍ നിര്‍ജീവം. പ്രത്യേകം ഓഫീസും ആവശ്യത്തിന് ജീവനക്കാരും ഉണ്ടെങ്കിലും ക്ഷേത്ര ഭൂമികള്‍ അളക്കാനോ, കൈയേറ്റ ഭൂമികള്‍ തിരിച്ച് പിടിക്കാനോ ഇവര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ക്ഷേത്രഭൂമികള്‍ കൈയേറുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രോപദേശക സമിതികളും ഭക്തരും ബോര്‍ഡിന് നല്‍കിയ പരാതികള്‍ ഏറെയുണ്ട്. 

2006 ലാണ് സ്‌പെഷല്‍ ദേവസ്വം തഹസില്‍ദാര്‍ യൂണിറ്റ് തുടങ്ങിയത്. 13 വര്‍ഷം കഴിയുമ്പോളും ബോര്‍ഡിന് കീഴിലുള്ള പല ക്ഷേത്ര ഭൂമികളും സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ബോര്‍ഡിന് കീഴിലുള്ള നൂറിലധികം ക്ഷേത്രങ്ങളുടെ വസ്തുക്കളാണ് തിട്ടപ്പെടുത്താനുള്ളത്. എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര, തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രങ്ങളുടെ ഭൂമിയിലാണ് വ്യാപക കൈയേറ്റം. തൃശൂര്‍ ജില്ലയിലെ പെരുവന്‍മല, കടവല്ലൂര്‍ ദേവസ്വത്തിന് കീഴിലെ ഏഴുക്ഷേത്രങ്ങളിലും വന്‍ കൈയേറ്റങ്ങള്‍ നടന്നതായി കണ്ടെത്തിയെങ്കിലും നടപടിയില്ല. 

പെരുവന്‍മല ക്ഷേത്രത്തിന്റെ എട്ടേക്കറും, കടവല്ലൂര്‍ ദേവസ്വത്തിലെ മൂന്നേക്കറും കൈയേറി. പാലക്കാട് ജില്ലയിലും ക്ഷേത്ര ഭൂമി കൈയേറ്റം വ്യാപകമാണ്. 19 പേരാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ തഹസില്‍ദാര്‍ യൂണിറ്റില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ 450 ഓളം ക്ഷേത്രങ്ങളാണുള്ളത്. 

പരിശോധനയില്‍ ക്രമക്കേട് 

ദേവസ്വം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റ് ഓഫീസില്‍ കഴിഞ്ഞ ചൊവ്വാഴ്ച ദേവസ്വം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍. ഹാജര്‍ പുസ്തകത്തിലടക്കം കൃത്രിമം കണ്ടെത്തി. ഓഫീസില്‍ ഉണ്ടാവേണ്ട ക്യാഷ് ബാലന്‍സും ഇല്ലായിരുന്നുവെന്ന് വിജിലന്‍സ് വിഭാഗം ദേവസ്വം ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങളായിട്ടും ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാന്‍ ബോര്‍ഡ് തയാറായിട്ടില്ല. മുമ്പ് ചട്ടങ്ങള്‍ മറികടന്ന് നിയമനം നടത്തിയതിന്റെ രേഖകള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിലും നടപടിയായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.