അത്ഭുതങ്ങള്‍ സംഭവിച്ചില്ല; മര്‍ദ്ദനമേറ്റ കുട്ടി മരണത്തിന് കീഴടങ്ങി

Saturday 6 April 2019 12:13 pm IST

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ അത്ഭുതങ്ങള്‍ക്ക് കാത്തിരിക്കാതെ മടങ്ങി. ഇന്ന് രാവിലെ 11.35നാണ് കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് പത്ത് ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് കുട്ടിയെ ചികിത്സിച്ചു വന്നത്. കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

കുട്ടിയുടെ തലക്കാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമായതായി മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞദിവസം ബന്ധുക്കളെ അറിയിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

കേസിലെ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ അന്നു തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ തലച്ചോറിൽ ഗുരുതരമായ അളവിൽ രക്തം കട്ട പിടിച്ചിരുന്നതിനാൽ കുട്ടി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. 

ക്രൂരമര്‍ദ്ദനിത്തിന് ഇരയായ കുട്ടിയുടെ ശ്വാസകോശത്തിനും പരിക്കുകളുണ്ടായിരുന്നു. പ്രതി അരുൺ ആനന്ദ് കുട്ടിയെ ചവിട്ടിയെറിയുകയായിരുന്നുവെന്നും അലമാരയിൽ ഇടിച്ച കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.