അമ്മമനസ്സ് കവര്‍ന്ന് കെ. സുരേന്ദ്രന്‍

Sunday 7 April 2019 3:53 pm IST

പത്തനംതിട്ട: തങ്കമനസ്സായ അമ്മ മനസ്സുകളിലെ നൊമ്പരപ്പൂവാണ് കെ. സുരേന്ദ്രന്‍. അവര്‍ക്ക് സുരേന്ദ്രന്‍ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി മാത്രമല്ല, ആചാര സംരക്ഷണത്തിന് അസുരഗണത്തോട് പോരാടിയ അയ്യപ്പന്റെ പടനായകന്‍ കൂടിയാണ്. അതിന്റെ പേരില്‍ അദ്ദേഹം അനുഭവിക്കേണ്ടിവന്ന, ഇപ്പോഴും തുടരുന്ന, ദുരിതങ്ങളാണ് അമ്മ മനസ്സുകളിലെ നൊമ്പരം. ആ മനസ്സുകള്‍ക്ക് ആവോളം നല്‍കാനുള്ളത് വാത്സല്യവും കരുതലും മാത്രം. അത് കണ്ണീരായും ആലിംഗനമായും പുഷ്പവൃഷ്ടിയായും പെയ്തിറങ്ങുന്നു. അദ്ദേഹം എവിടെ ചെന്നാലും ചുറ്റും അമ്മമാരുടെ ഒരു വലയം തന്നെ രൂപപ്പെടുന്നു. ജാതിമതങ്ങള്‍ക്കും രാഷ്ട്രീയത്തിനും അപ്പുറമാണ് അത്തരം കൂട്ടായ്മകള്‍ എന്നതും ശ്രദ്ധേയം. 

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞാണ് സുരേന്ദ്രനെ കാണാന്‍ സ്ത്രീകള്‍ ഒത്തുകൂടുന്നത്. ഇത്തരം ദൃശ്യങ്ങള്‍ കേരളത്തില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് കരുതുക വയ്യ. സുരേന്ദ്രന്റെ യോഗങ്ങളില്‍ ഒത്തുകൂടുന്ന ജനങ്ങളില്‍ സ്ത്രീ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുകയും അത് കേരളക്കര മുഴുവനും ചര്‍ച്ചയാവുകയും ചെയ്യുന്നു. വെറുതെയൊരു ചടങ്ങിനായി മാത്രമല്ല ഇക്കാണുന്ന സ്ത്രീസാന്നിധ്യമെന്ന് സുരേന്ദ്രനുമായുള്ള അവരുടെ ഇടപെടിലില്‍ നിന്ന് വ്യക്തമാണ്. ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച സ്വീകരണത്തെ വിലയിരുത്തുമ്പോള്‍ സ്ത്രീകളുടെ ഇടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കെ. സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്.

ചില സ്ഥലങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കാനും ചുവരെഴുതാനും വരെ സ്ത്രീകള്‍ രംഗത്തുവരുന്നു. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പെണ്‍കുട്ടികളുടെ സ്‌ക്വാഡുകള്‍ വരെ രൂപീകരിച്ചിട്ടുണ്ട്. സ്‌ക്വാഡ് വര്‍ക്കിനും സ്ത്രീകള്‍ തുനിഞ്ഞിറങ്ങുകയാണ്. ബിജെപിയുടെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത് പുത്തന്‍ അനുഭവങ്ങളാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ വൃക്തമാക്കുന്നു. തിരുവല്ല, ആറന്മുള, അടൂര്‍, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം സ്ത്രീകളുടെ വലിയ സാന്നിധ്യം ദൃശ്യമാണ്.

അമ്മമാര്‍ക്ക് സുരേന്ദ്രനെ കുറിച്ച് പറയാന്‍ നൂറ് നാവ്. ആചാരസംരക്ഷണത്തിന് ശബരിമല സന്നിധാനത്ത് എത്താന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കൊടുംകാട്ടിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചവന്‍, ആനയും പുലിയും കടുവയും കരടിയുമടക്കം ക്രൂരമൃഗങ്ങള്‍ നിറഞ്ഞ കൊടുംകാട്ടിലൂടെ ശരണമന്ത്രം ഉരുവിട്ട് പതറാത്ത കാല്‍വയ്പ്പുമായി നീങ്ങിയവന്‍, നിലയ്ക്കലില്‍ യതീഷ് ചന്ദ്രയെന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ കാടന്‍ പെരുമാറ്റത്തിലും കൂസലില്ലാതെ നിന്നവന്‍... അങ്ങനെ അങ്ങനെ. മൃഗങ്ങള്‍ മനുഷ്യത്വം കാണിക്കുകയും പോലീസുകാര്‍ മൃഗങ്ങളായി അധഃപതിക്കുകയും ചെയ്തതോടെയാണ് സുരേന്ദ്രന്‍ കൂടുതല്‍ പീഡനം അനുഭവിച്ചതെന്നും അവര്‍ പരിതപിക്കുന്നു. എന്തായാലെന്താ അവന്‍ കേന്ദ്രമന്ത്രിയായി എത്തുമെന്ന ഉറച്ച വിശ്വാസമവര്‍ക്കുണ്ട്.

 എല്ലാം അയ്യപ്പന്റെ നിയോഗമാണെന്ന് വിശ്വസിക്കാനാണ് അമ്മമാര്‍ക്കിഷ്ടം. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് മാര്‍ച്ച് 24ന് തിരുവല്ല റെയില്‍വെ സ്റ്റേഷനില്‍നിന്നും കെ. സുരേന്ദ്രനെ നെഞ്ചേറ്റിയതാണ് സ്ത്രീശക്തി; വിജയത്തിന്റെ നെറുകയില്‍ എത്തിക്കുമെന്ന പ്രതിജ്ഞയോടെ.  ഒരായുസ്സില്‍ അനുഭവിച്ച് തീര്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ വാത്സല്യമാണ് പത്തനംതിട്ടയിലെ അമ്മമാര്‍ കെ. സുരേന്ദ്രന് പകര്‍ന്ന് നല്‍കിയത്. അതും ആരെയും അസൂയപ്പെടുത്തുന്ന തരത്തില്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.