വിചാരണ കഴിയുന്നത് വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍

Tuesday 9 April 2019 1:20 pm IST

ന്യൂദല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നടന്നുവരുന്ന വിചാരണ പൂര്‍ത്തിയാകുന്നതുവരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ഇന്ന് കേസ് പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിഭാഗവുമായി ഇതുസംബന്ധിച്ച് നേരത്തേ ധാരണയായതാണ്. 

ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഈ കേസ് പരിഗണിച്ചത്. സര്‍ക്കാരും പ്രതിഭാഗവുമായുള്ള ഈ ധാരണ ഡിവിഷന്‍ ബഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട തെളിവുകളുള്ള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതില്‍ വിധിയുണ്ടാകുന്നത് വരെ കുറ്റം ചുമത്തേണ്ടതില്ലെന്നാണ് സര്‍ക്കാരും പ്രതിഭാഗവും തമ്മില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. ഈ വിവരം വിചാരണ കോടതിയെ അറിയിച്ച് തല്‍ക്കാലത്തേയ്ക്ക് വിചാരണ നീട്ടി വയ്ക്കാനും സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ബുധനാഴ്ച തന്നെ വിചാരണകോടതിയെ അറിയിക്കും.

കൂടാതെ കേസില്‍ വാദം തുടങ്ങുന്നത് മാറ്റണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെടുമെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കുറ്റം ചുമത്തില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയില്‍ കുറ്റം ചുമത്തുന്ന നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. അതേസമയം ദിലീപിന്റെ ഈ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തെളിവുകളുടെ പകര്‍പ്പ് നല്‍കുന്നത് ഇരയുടെ സ്വകാര്യതയെ ഹനിക്കുമെന്നാണ് ഇരു കോടതികളും ദിലീപിന്റെ ഹര്‍ജി തള്ളിക്കൊണ്ട് അറിയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.