മുസ്ലിംലീഗ് വൈറസ് തന്നെ: അബ്ദുള്‍ റഷീദ് അന്‍സാരി

Tuesday 9 April 2019 3:04 pm IST

തിരുവനന്തപുരം: മുസ്ലിം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ശരിയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി. രാജ്യത്തിന് ഗുണകരമല്ലാത്ത ആശയങ്ങളെ വൈറസ് എന്ന് വിളിക്കാം. വിവിധ വിഭാഗങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ സൗഹാര്‍ദത്തിന് ഭീഷണിയാകുന്ന നിലപാടുകളെ കുറ്റപ്പെടുത്തുന്നതില്‍ തെറ്റില്ല. ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. അധികാരത്തിലിരുന്നപ്പോള്‍ അടിയന്തരാവസ്ഥയുള്‍പ്പെടെ നടത്തി രാഷ്ട്രീയ എതിരാളികളെ വേട്ടയാടിയവരാണ് ഇപ്പോള്‍ ഇത്തരം പ്രചാരണവുമായി രംഗത്തുള്ളത്. മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന ആരോപണവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഉയര്‍ത്തുന്നതാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്നതാണ് മോദി സര്‍ക്കാരിന്റെ നയം.

വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യതാല്‍പ്പര്യങ്ങളെ ബലികഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നെഹ്റു അകലം പാലിച്ചിരുന്ന മുസ്ലിംലീഗിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രാഹുല്‍. ഒരു സീറ്റിന് വേണ്ടി പോലും നിലപാട് മാറ്റുന്ന നാണക്കേടിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ദേശീയതാല്പപര്യം ബലികഴിക്കുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാറില്ല. അതുകൊണ്ടാണ് സൈനികരുടെ ജീവനുകള്‍ക്ക് പാക്കിസ്ഥാനില്‍ കയറി പകരം ചോദിക്കാന്‍ സാധിച്ചത്. ശക്തമായ രാജ്യത്തിന് ശക്തമായ നേതൃത്വമുള്ള സര്‍ക്കാരാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.