അഭയക്കേസില്‍ ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം: ഹൈക്കോടതി

Wednesday 10 April 2019 7:16 am IST

കൊച്ചി: അഭയക്കൊലക്കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. എന്നാല്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിവിധി ജസ്റ്റിസ് സുനില്‍ തോമസ് ശരിവച്ചു. 

നാലാം പ്രതിയും ക്രൈംബ്രാഞ്ച് മുന്‍ എസ്പിയുമായ കെ.ടി. മൈക്കിളിനെയും ഹൈക്കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, വിചാരണഘട്ടത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 319 സെക്ഷന്‍ പ്രകാരം വിചാരണക്കോടതിക്ക് കഴിയുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസില്‍ തെളിവു നശിപ്പിച്ചെന്നു വിലയിരുത്തിയാണ് മൈക്കിളിനെ വിചാരണക്കോടതി പ്രതി ചേര്‍ത്തത്. അഭയയുടെ വസ്ത്രങ്ങളും ഡയറിയും നശിപ്പിച്ചെന്നാരോപിച്ച് തന്നെ പ്രതി ചേര്‍ത്ത സിബിഐ കോടതി നടപടിയെ ചോദ്യം ചെയ്ത് മൈക്കിള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.

ഫാ.  കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. ഇവര്‍ വിചാരണ നേരിടണം. എന്നാല്‍, പൂതൃക്കയിലിനെതിരെ വ്യക്തമായ തെളിവില്ല. അതിനാല്‍, വിചാരണ നേരിടേണ്ട. കേസില്‍ പ്രതികള്‍ക്കെതിരെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കാണിച്ച് പലതവണ നല്‍കിയ അന്തിമ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിയിരുന്നു. 

സിബിഐ കൊച്ചി യൂണിറ്റിലെ നന്ദകുമാരന്‍ നായര്‍ നേരത്തെയുള്ള സാക്ഷികളെ വച്ചു തന്നെയാണ് മൂന്നു പേരെ പ്രതികളാക്കിയത്. അഭയയുടെ തലയില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. പോലീസെടുത്ത ഫോട്ടോകള്‍ പലതും കാണാനില്ല. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നെന്നും ഹൈക്കോടതി വിലയിരുത്തി. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ഹര്‍ജി സിബിഐ കോടതി തള്ളിയതിനെതിരെ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരും ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് ജോമോന്‍ പുത്തന്‍പുരയ്ക്കലും നല്‍കിയ ഹര്‍ജികള്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ച് വിധി.  

കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27 നാണ് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ 2008 നവംബര്‍ 19 നാണ് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഒന്നും രണ്ടു പ്രതികള്‍ക്ക് സെഫിയുമായുണ്ടായിരുന്ന അവിഹിത ബന്ധം അഭയ കണ്ടതിനെത്തുടര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി 2009 ജൂലായ് 17ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാരന്‍ നായര്‍ കുറ്റപത്രം നല്‍കി. 133 സാക്ഷികളും 70 രേഖകളുമുള്ള കേസില്‍ പ്രതികള്‍ക്ക് പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ് നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍  നടത്തിയിരുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.