കൊല്ലം ഇത്തവണയും ആടി ഉലയും

Wednesday 10 April 2019 4:00 am IST

കൊല്ലം: കാലുവാരലും കുതികാല്‍വെട്ടും വിഭാഗീയതയും ഫലം നിര്‍ണയിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയതാണ് കൊല്ലത്തിന്റെ രാഷ്ട്രീയ ചരിത്രം. ഇടതുകോട്ടയെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഒരു പക്ഷത്തിനോടും സ്ഥിരം മമത മണ്ഡലം കാട്ടിയിട്ടില്ല. 

കേന്ദ്ര പദ്ധതികളുടെ ചുവട് പിടിച്ച് സിറ്റിങ് എംപി എന്‍.കെ. പ്രേമചന്ദ്രനും രാജ്യസഭ എംപി കെ.എന്‍. ബാലഗോപാലും എന്‍ഡിഎയുടെ അഡ്വ. കെ.വി. സാബുവും മത്സരത്തിനിറങ്ങിയതോടെ മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടമാകും നടക്കുക. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ക്കുപുറമെ, സ്ഥാനാര്‍ഥികളുടെ വ്യക്തിവൈശിഷ്ട്യത്തിലും ഊന്നിയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണം. 

മഹാപ്രളയവും ഓഖി ദുരന്തവും കശുവണ്ടി മേഖലയിലെ പ്രതിസന്ധികളും ഇരുമുന്നണികളെയും വീര്‍പ്പുമുട്ടിക്കുമെന്ന് ഉറപ്പാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും നല്‍കിയ വലിയ ആത്മവിശ്വാസവുമായാണ് എന്‍ഡിഎ ഇത്തവണ കളത്തിലിറങ്ങുന്നത്. എന്‍ഡിഎ ഒന്നേമുക്കാല്‍ ലക്ഷം വോട്ട് തദ്ദേശത്തിലും ഒന്നര ലക്ഷം വോട്ട് നിയമസഭയിലും നേടി. ശബരിമല പ്രക്ഷോഭത്തില്‍ പോലീസ് പീഡനത്തിന് ഏറ്റവും കൂടുതല്‍ പേര്‍ ഇരയായ ജില്ലയാണ് കൊല്ലം. ശബരിമലകര്‍മസമിതി പ്രവര്‍ത്തകര്‍ക്ക് നീതി കിട്ടാന്‍ ഹൈക്കോടതിയില്‍ പോരാടിയ അഡ്വ. കെ.വി. സാബുവിന്റെ സ്ഥാനാര്‍ഥിത്വം അതുകൊണ്ടുതന്നെ പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്.

ജില്ലയിലെ ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, കുണ്ടറ, ചടയമംഗലം, പുനലൂര്‍, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. കയര്‍, കശുവണ്ടി, മത്സ്യബന്ധനതൊഴിലാളികളും തോട്ടം മേഖലയില്‍ പണിയെടുക്കുന്നവരും മണ്ഡലത്തില്‍ വോട്ടര്‍മാരിലെ പ്രബല വിഭാഗമാണ്. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ ശേഷിയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം.

 ആര്‍എസ്പിയുടെ കുത്തക മണ്ഡലമായിരുന്ന കൊല്ലത്ത് നിന്നും ആര്‍എസ്പി നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നാല് തവണയും ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ മൂന്ന് തവണയും ഇവിടെ വിജയക്കൊടി പാറിച്ചപ്പോള്‍ സിപിഎം രണ്ട് തവണയും സിപിഐ ഒരു തെരഞ്ഞെടുപ്പിലും കൊല്ലത്ത് വിജയം നേടി. സിപിഎമ്മിലെ പി. രാജേന്ദ്രന്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്സിലെ പീതാംബരക്കുറുപ്പ് അദ്ദേഹത്തെ പരാജയപ്പെടുത്തി.

2014-ല്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ എം.എ. ബേബിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ടപ്പോള്‍ ആര്‍എസ്പി ചില കടുത്ത തീരുമാനങ്ങളിലേക്ക് പോകുകയും തുടര്‍ന്ന് ഇടതുചേരി വിട്ട് യുഡിഎഫ് മുന്നണിയിലെത്തുകയുമായിരുന്നു. 

കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടി ആയിരുന്ന എം.എ.  ബേബിയെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തി. 2014ല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എ. ബേബിയെ തോല്‍പ്പിച്ചത്. അന്ന് യുഡിഎഫ് 4,08,528, എല്‍ഡിഎഫ് 3,70,879, എന്‍ഡിഎ 58,671 എന്നിങ്ങനെയായിരുന്നു വോട്ട് നില.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.