തൃശൂരില്‍ സുരേഷ് ഗോപി തരംഗം

Wednesday 10 April 2019 4:21 am IST

തൃശൂര്‍: തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഏറെയാണ് തൃശൂരില്‍. ശബരിമല പ്രശ്‌നം മുതല്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് വരെ ഇവിടെ ചര്‍ച്ചയാണ്. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള ആശങ്കകളും സജീവ ചര്‍ച്ചാ വിഷയം.  പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും വരണമെന്ന് 64 ശതമാനം തൃശൂര്‍ക്കാരും ആഗ്രഹിക്കുന്നുവെന്ന് ഒരു ചാനല്‍ സര്‍വേ. ഇതാണ് തൃശൂരിന്റെ മനസ്സ്. സംസ്‌കാരത്തെയും പാരമ്പര്യത്തേയും അങ്ങേയറ്റം സ്‌നേഹിക്കുന്ന ജനത. അതിന് ജാതിയും മതവും രാഷ്ട്രീയവും തടസമല്ല.

 ചെന്ത്രാപ്പിന്നി മുതല്‍ പൊന്നാനി വരെ വ്യാപിച്ചു കിടക്കുന്ന തീരദേശം, അതിവിശാലമായ കോള്‍ നിലങ്ങള്‍ മുതല്‍ പശ്ചിമഘട്ടം വരെ വ്യാപിച്ച് കിടക്കുന്ന മണ്ഡലം, കലയുടേയും സാഹിത്യത്തിന്റെയും കേന്ദ്രമായ സാംസ്‌കാരിക നഗരി, ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രം, പൂരം നിറയുന്ന വടക്കുന്നാഥ സന്നിധി. ചരിത്രത്തിന്റെ ഒളിമങ്ങാത്ത ഓര്‍മ്മകളുമായി പാലയൂര്‍ പള്ളിയും തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയും. പട്ടിന്റെയും സ്വര്‍ണത്തിന്റെയും ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ വിപണികളിലൊന്ന്. വിശേഷണങ്ങളനവധിയുള്ള തൃശൂര്‍ ഇക്കുറി ആരെ വരിക്കുമെന്നതാണ് ശ്രദ്ധേയം.

 തൃശൂരില്‍ ഇക്കുറി ടേണിംഗ് പോയന്റായത് സുരേഷ് ഗോപിയുടെ കടന്നുവരവാണ്. അനീതിക്കും അധര്‍മ്മത്തിനുമെതിരെ പടനയിക്കുന്ന നായകന്റെ അതേ ഭാവങ്ങളോടെ മലയാളക്കരയുടെ കമ്മീഷണര്‍ തൃശൂരില്‍ അങ്കത്തിനെത്തിയപ്പോഴെ എതിര്‍ ക്യാമ്പുകളില്‍ ആശങ്കയേറി. അല്പം വൈകി പ്രചാരണത്തിന്റെ ചൂടും പുകയും നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ് സുരേഷ് ഗോപിയുടെ കടന്നുവരവ്. പക്ഷേ രണ്ട് ദിവസം കൊണ്ട് സുരേഷ് ഗോപി എതിരാളികളെ മറികടന്ന് മുന്നിലെത്തി. ഇപ്പോല്‍ സ്‌കൂള്‍ കുട്ടികള്‍ പോലും തൃശൂരിലെ സ്ഥാനാര്‍ത്ഥിയാര് എന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരം സുരേഷ് ഗോപിയെന്ന് മാത്രം. 

എം.പിയായതിന് ശേഷവും അതിന് മുന്‍പും ചെയ്ത ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും സുരേഷ് ഗോപിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ രണ്ട് വട്ടമെങ്കിലും പ്രചാരണം പൂര്‍ത്തിയാക്കുക. അതാണ് ലക്ഷ്യം. വന്‍ ജനക്കൂട്ടമാണ് സുരേഷ് ഗോപി കടന്നുചെല്ലുന്ന സ്ഥലങ്ങളിലെല്ലാം. 

 അതുകൊണ്ട് തന്നെ നിശ്ചയിച്ചതിലും വൈകിയാണ് പര്യടനം. കുറച്ച് നേരമെങ്കിലും സംസാരിക്കാതെ കടന്നുപാകാനാവില്ല ഓരോ സ്വീകരണസ്ഥലത്തും. അത്രക്കുണ്ട് ജനങ്ങളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആവേശം. തൃശൂര്‍ പൂരം സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും താന്‍ മുന്നിലുണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് സുരേഷ് ഗോപിയുടെ ഉറപ്പ്. ഒരുപാട് വാഗ്ദാനങ്ങളിലല്ല പ്രവൃത്തിയിലാണ് കാര്യം. ഇതുവരെ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാം. അതേ ശൈലി ഇനിയും തുടരും. സ്വീകരണസ്ഥലങ്ങളില്‍ കാണുന്ന ആവേശം വോട്ടായി മാറിയാല്‍  ഇക്കുറി തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ലോക്‌സഭയിലെത്തും. സുരേഷ്‌ഗോപിയുടെ ആദ്യ തെരഞ്ഞെടുപ്പാണിത്. 2016 ഏപ്രില്‍ മുതല്‍ രാജ്യസഭാംഗമാണ്.

എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണം നേരത്തെ തുടങ്ങി. ഇപ്പോള്‍ കിതക്കുകയാണ്. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് സിപിഐയാണ്. സിറ്റിങ് എം.പി. സി.എന്‍ ജയദേവനെ ഒഴിവാക്കാന്‍ സിപിഐ നേതൃത്വം തീരുമാനിച്ചപ്പോള്‍ പകരക്കാരനായി ആദ്യം പരിഗണിച്ചത് കെ.പി. രാജേന്ദ്രനെ. പക്ഷേ ജയദേവന്‍ എതിര്‍ത്തു. തന്നെ മാറ്റിയാല്‍ പകരം രാജാജി മാത്യു തോമസ് വേണം എന്നായി നിലപാട്. പാര്‍ട്ടി അതംഗീകരിച്ചു. രാജാജി സ്ഥാനാര്‍ത്ഥിയായി. അവിചാരിതമായി സ്ഥാനാര്‍ത്ഥിയായതിന്റെ അമ്പരപ്പ് രാജാജിക്ക് ഇപ്പോഴും മാറിയിട്ടില്ല. സിപിഐയെ വലക്കുന്ന പ്രധാന പ്രശ്‌നം സിപിഎമ്മിന്റെ നിലപാടാണ്. സിപിഎം കാര്യമായി സഹകരിക്കുന്നില്ല. മണ്ഡലത്തില്‍ പലയിടത്തും ഒരു വര്‍ഷമായി നിരന്തര ഏറ്റുമുട്ടലാണ് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍. ഇത് തെരഞ്ഞെടുപ്പിലും ബാധിക്കാനിടയുണ്ട്. 2006-ല്‍ ഒല്ലൂരില്‍ നിന്ന് രാജാജി എംഎല്‍എ ആയിട്ടുണ്ട്. 2011 ല്‍ അതേ മണ്ഡലത്തില്‍ തോറ്റു. ലേകസ്ഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം.

യുഡിഎഫിലും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പ്രതാപന് നറുക്ക് വീണത്. വി.എം. സുധീരന്റെ ഗ്രൂപ്പുകരനായറിയെപ്പടുന്ന പ്രതാപനെതിരെ എ-ഐ ഗ്രൂപ്പുകള്‍ പരസ്യ പ്രതിഷേധത്തിലാണ്.  ഇതാണ് യുഡിഎഫിന്റെ പ്രചാരണത്തെ വലക്കുന്ന പ്രധാന ഘടകം. നാട്ടികയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും രണ്ട് തവണ നിയമസഭയിലെത്തിയിട്ടുള്ള പ്രതാപന്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ലോക്‌സഭയിലേക്കിത് കന്നിയങ്കം. രണ്ട് വര്‍ഷത്തോളമായി ഡിസിസി പ്രസിഡന്റാണെങ്കിലും പാര്‍ട്ടിയില്‍ പിന്തുണ കുറവാണ്.

 ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ വിശേഷപ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ മത്സരം എന്‍ഡിഎയും എല്‍.ഡി.എഫും തമ്മിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.