കേരളത്തിന്റെ പ്ര'മാണി'

Wednesday 10 April 2019 6:42 am IST

തിരുവനന്തപുരം : അരനൂറ്റാണ്ടിലധികം നിയമസഭാംഗമായി തുടരുക. കേരളത്തില്‍ ആ  അപൂര്‍വ്വ ബഹുമതി നേടിക്കൊണ്ടാണ് കെ.എം. മാണി രാഷ്ട്രീയത്തിന്റെ തിരശ്ശീലയിലേയ്ക്ക് മറഞ്ഞത്. യൂത്ത് കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി രാഷ്ട്രീയത്തിന്റെ കളത്തില്‍ ചുവടുവച്ച് കെ.എം. മാണി കേരള രാഷ്ട്രീയത്തിലെ കിങ്ങും കിങ് മാസ്റ്ററുമായി മാറിയത് കഠിനാധ്വാനം കൊണ്ടുതന്നെ. പ്രതിയോഗികളോട് മാത്രമല്ല പ്രജകളെന്ന് വിശേഷിപ്പിച്ചവരോടുപോലും പൊരുതിയാണ് എല്ലാം നേടിയത്. 

കേരളത്തിന്റെ ഇഠാവട്ടമാണ് തന്റെ കളിത്തട്ടെങ്കിലും രാജ്യത്തിന്റെ വിശാലമായ അഭ്രപാളിയില്‍ തിളങ്ങാന്‍ കെ.എം. മാണി ആഗ്രഹിക്കാതിരുന്നില്ല. ഒരു വേള കേന്ദ്രമന്ത്രിക്കുപ്പായം അണിഞ്ഞ മാണിക്ക് ചുണ്ടിനും കപ്പിനും ഇടയില്‍ അവ തട്ടിപ്പിടഞ്ഞുവീണു. മകനെ കേന്ദ്രമന്ത്രിയാക്കാന്‍  ആഗ്രഹിച്ച കെ.എം. മാണി ദേശീയ ജനാധിപത്യസംഖ്യത്തോടു അടുക്കാനുള്ള നേരിയ ശ്രമം നടത്തിയെങ്കിലും അത് അലസിപ്പോയി.

പതിമൂന്നു തവണ പാലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാണി, അത്രയും തന്നെ തവണ ബജറ്റവതരിപ്പിച്ച് റെക്കാര്‍ഡിട്ടു. പാലാ മണ്ഡലത്തിന്റെ പര്യായമായിരുന്നു.

എന്ത് പ്രകോപനമുണ്ടായാലും സമചിത്തത കൈവിടാതെ പെരുമാറാനും പ്രവര്‍ത്തിക്കാനും കെ.എം. മാണിക്ക് പ്രത്യേക മികവുണ്ടായിരുന്നു.  ഏറ്റവും ഒടുവില്‍ ബജറ്റവതരണത്തിനിടയില്‍ പ്രതിപക്ഷം ഉണ്ടാക്കിയ പ്രകോപനത്തെ ഒരു കൂസലുമില്ലാതെയാണ്  നേരിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.