ബിന്ദുവിനേയും മക്കളേയും രക്ഷിക്കാനുള്ള സേവാഭാരതിയുടെ ശ്രമം ലീഗ് മന്ത്രി മുടക്കി

Thursday 29 November 2012 10:42 pm IST

മലപ്പുറം: ഭര്‍ത്താവിന്റെ കൊടും പീഡനങ്ങള്‍ക്കിരയായി ജീവിതം ചോദ്യചിഹ്നമായി മാറിയ അരീക്കോട്‌ വടക്കുംമുറി ബിന്ദുവിനും മക്കള്‍ക്കും തണലൊരുക്കാനുള്ള സേവാഭാരതിയുടെ ശ്രമത്തിന്‌ മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ തടസ്സവാദങ്ങള്‍. ബിന്ദുവിനെയും അഞ്ച്‌ മക്കളെയും ഏറ്റെടുത്ത്‌ സംരക്ഷിക്കാന്‍ തയ്യാറാണെന്ന്‌ സേവാഭാരതി അറിയിച്ചുവെങ്കിലും മന്ത്രി എം.കെ. മുനീറിന്റെ നിര്‍ദ്ദേശ പ്രകാരം ലീഗ്‌ നേതാക്കളും സാമൂഹ്യക്ഷേമ വകുപ്പ്‌ ഉദ്യോഗസ്ഥരും തടസ്സപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ബിന്ദുവിന്റെയും മക്കളുടെയും ദയനീയാവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്നാണ്‌ ഇവര്‍ക്ക്‌ സേവാഭാരതി സഹായവുമായെത്തിയത്‌. ബിന്ദുവിന്റെ മൂന്ന്‌ ആണ്‍മക്കളെയും രണ്ട്‌ പെണ്‍കുട്ടികളെയും സേവാഭാരതി ഏറ്റെടുത്ത്‌ സംരക്ഷിക്കുമെന്ന്‌ ആര്‍ എസ്‌ എസ്‌ വിഭാഗ്‌ സേവാപ്രമുഖ്‌ അയ്യപ്പന്‍ അറിയിച്ചു. പുത്തൂര്‍ പള്ളിക്കല്‍ ശ്രീലക്ഷ്മി ബാലികാസദനത്തിലാണ്‌ ഇവര്‍ക്ക്‌ താല്‍ക്കാലിക സൗകര്യമൊരുക്കാന്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ വ്യാഴാഴ്ച അരീക്കോട്ടെത്തി ബിന്ദുവിനെയും മക്കളെയും കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്‌ ലീഗ്‌ നേതാക്കളും സാമൂഹ്യക്ഷേമ വകുപ്പ്‌ ഉദ്യോഗസ്ഥരും തടയുകയായിരുന്നു.
സ്ത്രീയെയും കുട്ടികളെയും റസ്ക്യൂഹോമിലേക്ക്‌ മാറ്റാന്‍ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി എം കെ മുനീര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതിനാല്‍ സേവാഭാരതി പ്രവര്‍ത്തകരുടെ കൂടെ ഇവരെ അയയ്ക്കാന്‍ കഴിയില്ലെന്നും പറഞ്ഞായിരുന്നു ലീഗ്‌ പ്രവര്‍ത്തകരുടെ അകമ്പടിയോടെ സാമൂഹ്യക്ഷേമ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്‌. ഇവര്‍ സേവാഭാരതിയുടെ വാഹനം തടയുകയും ചെയ്തു. ഇതിനിടെ വിവരം അറിയിച്ചതനുസരിച്ച്‌ അരീക്കോട്‌ പോലീസ്‌ സ്ഥലത്തെത്തി ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചു.
സേവാഭാരതി പ്രവര്‍ത്തകരുടെ കൂടെ പോകാനാണ്‌ താല്‍പര്യമെന്ന്‌ ബിന്ദു പോലീസിനും അധികൃതര്‍ക്കും രേഖാമൂലം എഴുതിനല്‍കിയിട്ടും സാമൂഹ്യ ക്ഷേമവകുപ്പ്‌ അധികൃതര്‍ വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന്‌ മജിസ്ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ലീഗ്‌ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം ചെയില്‍ഡ്‌ വെല്‍ഫയര്‍ ബോര്‍ഡിന്‌ മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന്‌ ലീഗ്‌ പ്രവര്‍ത്തകന്‍കൂടിയായ ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. ഷെയറെഫുള്ള കുട്ടികളെ റസ്ക്യുഹോമിലേക്ക്‌ അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.
കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിട്ടും പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണം സേവാഭാരതിയെ ഏല്‍പ്പിക്കാഞ്ഞതിനുപിന്നില്‍ ലീഗിന്റെ മതവെറിയാണെന്ന്‌ മഹിളമാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ശോഭാസുരേന്ദ്രന്‍ ആരോപിച്ചു. ആര്‍ എസ്‌ എസ്‌ വിഭാഗ്‌ സേവാപ്രമുഖ്‌ അയ്യപ്പന്‍, പ്രസാദ്‌, താലൂക്ക്‌ സേവാപ്രമുഖ്‌ ദിനേശന്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ശോഭാസുരേന്ദ്രന്‍, ബിജെപി മേഖല സെക്രട്ടറി കെ കെ സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ കുട്ടികളെ ഏറ്റെടുക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയത്‌. അതെ സമയം സേവാഭാരതി പ്രവര്‍ത്തകരെ തടഞ്ഞതില്‍ പ്രതിഷേധിച്ച്‌ അരീക്കോട്‌ ടൗണില്‍ പ്രകടനം നടന്നു. വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ശോഭാസുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.
>> ടി.എസ്‌. നീലാംബരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.