പുറംവൈദ്യുതിയില്‍ റെക്കോഡിട്ട് കേരളം

Thursday 11 April 2019 7:12 am IST

ഇടുക്കി: കാലവര്‍ഷം വൈകുമെന്ന മുന്നറിയിപ്പും വിലക്കുറവും, കൂടുതല്‍ വൈദ്യുതി പുറമേ നിന്ന് വാങ്ങി സംസ്ഥാനം. നാല് ദിവസമായി ഉയര്‍ന്ന് ഇന്നലെ പുതിയ റെക്കോഡിലെത്തി. 

64.0665 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പുറമെ നിന്നുകൊണ്ടുവന്നത്. 84.3782 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആകെ ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 20.3117 ആയിരുന്നു. തിങ്കളാഴ്ച ഇത് 63.0823 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിന് മുമ്പ് വരെ ഈ റെക്കോഡ് മാര്‍ച്ച് രണ്ടിന് കൊണ്ടുവന്ന 62.93 ദശലക്ഷം യൂണിറ്റിനായിരുന്നു. 

പവര്‍ എക്‌സ്‌ചേഞ്ച് വഴിയാണ് ഇത്തരത്തില്‍ വൈദ്യുതി എത്തിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി തലേ ദിവസം തന്നെ പണമടച്ച് ലേലം കൊള്ളും. ഈ വൈദ്യുതി പിന്നീട് വാങ്ങാതിരിക്കാനാകില്ല. ചൊവ്വാഴ്ച ഇത്തരത്തില്‍ 1.3059 ദശലക്ഷം യൂണിറ്റ് വൈദ്യുതി യൂണിറ്റിന് 2.99 രൂപയ്ക്കും, 2.3346 ദശലക്ഷം യൂണിറ്റ് വൈദ്യുതി 3.58 രൂപയ്ക്കും വാങ്ങി.

കൂടാതെ സ്വാപ്പ് (കാലവര്‍ഷത്തില്‍ മടക്കി നല്‍കേണ്ട വൈദ്യുതി) വഴി 2.3381 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും വാങ്ങി. ഇതിനെല്ലാം പുറമെയാണ് കേന്ദ്ര വിഹിതവും ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വൈദ്യുതിയും. കഴിഞ്ഞ മാസം വരെ പരമാവധി വൈദ്യുതി വാങ്ങാന്‍ ശ്രമം നടന്നെങ്കിലും ഇടയ്ക്ക് വില കൂടിയിരുന്നു. നിലവില്‍ വില കുറഞ്ഞു. 

കാലവര്‍ഷമെത്താന്‍ വൈകിയാല്‍ അത് വൈദ്യുതി ക്ഷാമത്തിലേക്ക് നയിക്കാം. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് നിലവിലെ നീക്കമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭരണികളിലെ ജലശേഖരം താഴുന്നതും മഴ അകന്ന് നില്‍ക്കുന്നതും വൈദ്യുതിക്കൊപ്പം കുടിവെള്ള ക്ഷാമവും വര്‍ധിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.