പ്രധാനമന്ത്രി നാളെ കോഴിക്കോട്ട്

Thursday 11 April 2019 6:54 am IST

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കോഴിക്കോട്ട് എത്തും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കല്‍പ്പ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകിട്ട് അഞ്ചോടെ പ്രത്യേകവിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം റോഡു മാര്‍ഗം ആറു മണിയോടെ കടപ്പുറത്തെ വേദിയിലെത്തും.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളും എന്‍ഡിഎ സംസ്ഥാന നേതാക്കളും വേദിയില്‍ സന്നിഹിതരാവും. കോഴിക്കോട്, വടകര, മലപ്പുറം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനശേഷം റോഡുമാര്‍ഗം വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന നരേന്ദ്രമോദി പ്രത്യേക വിമാനത്തില്‍ ന്യൂദല്‍ഹിക്ക് മടങ്ങും. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് നഗരത്തിലും കോഴിക്കോട് കടപ്പുറത്തും ഏര്‍പ്പെടുത്തുന്നത്. ഉത്തരകേരളത്തില്‍ മോദി തരംഗം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകുന്നതായിരിക്കും കടപ്പുറത്തെ മഹാസമ്മേളനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വയനാട്ടിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്‍ഡിഎ നേതാക്കളായ ചേറ്റൂര്‍ ബാലകൃഷ്ണന്‍, ടി.പി. ജയചന്ദ്രന്‍, തിരുവള്ളൂര്‍ മുരളി, അഡ്വ. പി.എം. സണ്ണി, സതീഷ് കുറ്റിയില്‍, മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.