ഇടതിനും വലതിനും വെല്ലുവിളിയുയര്‍ത്തി എന്‍ഡിഎ

Thursday 11 April 2019 5:12 am IST

പാലക്കാട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടമാണ്.പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം. എന്നും ഇടതുപക്ഷത്തോട് ചാഞ്ഞുനിന്ന മണ്ഡലത്തില്‍ ഇത്തവണ ത്രികോണമത്സരത്തിന് വേദിയൊരുങ്ങി.

ജനകീയനും സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയുടെ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പാലക്കാട് നഗരസഭയെ മാതൃകാനഗരസഭയാക്കുകയും 250 കോടിയുടെ അമൃത്പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കൊണ്ടുവരുകയും ചെയ്തതില്‍ കൃഷ്ണകുമാറിന്റെ പങ്ക് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എന്‍ഡിഎ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. റോഡ് ഷോ ഉള്‍പ്പെടെയുള്ള ഒന്നാംഘട്ടപ്രചാരണം പൂര്‍ത്തിയായപ്പോള്‍ വന്‍ജനപിന്തുണയാണ് എന്‍ഡിഎ നേടിക്കഴിഞ്ഞത്. ഗ്രാമങ്ങളില്‍ പോലും ശബരിമല പ്രധാന ചര്‍ച്ചാവിഷയമാകുന്ന പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നല്ലൊരു ശതമാനം വോട്ട് എന്‍ഡിഎക്ക് ലഭിക്കുമെന്നുറപ്പാണ്. 

ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ 46,157 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. 10 വര്‍ഷം എംപിയായിട്ടും മണ്ഡലത്തിനായി പ്രത്യേകിച്ചൊന്നും നേടിയെടുക്കാന്‍ കഴിയാതിരുന്ന എം.ബി. രാജേഷ് മൂന്നാമതും മത്സരിക്കുകയാണ്.

മണ്ഡലത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുവെന്ന് അവകാശപ്പെട്ട് മൂന്നാം അങ്കത്തിനിറങ്ങുന്ന എം.ബി. രാജേഷിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. പ്രത്യേകിച്ചൊന്നും മണ്ഡലത്തിനായി നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ സ്വന്തം പേരിലാക്കി വോട്ടഭ്യര്‍ത്ഥിക്കുകയാണ്.

ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫില്‍ നിന്നും മണ്ഡലം പിടിച്ചെടുക്കാനുള്ള അടവുകള്‍ പയറ്റിയാണ് യുഡിഎഫ് കളത്തിലിറങ്ങിയിരിക്കുന്നത്. പാര്‍ട്ടിക്കകത്തെ വിഭാഗീയത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ നേതാക്കളുടെ ഇടപെടല്‍ ശക്തമായുണ്ട്.

ശബരിമല, കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍, കുടിവെള്ള പ്രശ്നം, കാര്‍ഷികമേഖലയുടെ തകര്‍ച്ച, പാലക്കാടിന്റെ വികസനം, വ്യവസായ മേഖലയുടെ തകര്‍ച്ച തുടങ്ങിയവയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. ജില്ല രൂപപ്പെട്ടത് മൂതല്‍ 11 തവണ ഇടതുപക്ഷവും നാല് തവണ കോണ്‍ഗ്രസ്സുമാണ് വിജയിച്ചിട്ടുളളത്.

1957ലും 1962ലും സിപിഐയുടെ പി. കുഞ്ഞന്‍, 1967ല്‍ ഇ.കെ. നായനാര്‍, 1971ല്‍ എ.കെ.ജി, 1977ല്‍ കോണ്‍ഗ്രസ്സിന്റെ സുന്നാസാഹിബ്, 1980ലും 1991ലും വി.എസ്. വിജയരാഘവന്‍, 1989ല്‍ സിപിഎമ്മിന്റെ എ. വിജയരാഘവന്‍, 1996, 98, 99, 2004 തെരഞ്ഞെടുപ്പുകളില്‍ എന്‍.എന്‍. കൃഷ്ണദാസ് (സിപിഎം), 2009ലും 2014ലും  എം.ബി. രാജേഷ് എന്നിവരാണ് പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 

2009ല്‍ പാലക്കാട് ലോക്സഭാ മണ്ഡലം പുനഃക്രമീകരിക്കപ്പെട്ടതിന് ശേഷം രണ്ടുതവണയും എം.ബി. രാജേഷാണ് വിജയിച്ചത്. 2009 ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ 1820 വോട്ടിനാണ് രാജേഷ് കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെയാണ് പരാജയപ്പെടുത്തിയത്.

2014ല്‍ 1,05323 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജേഷ് വിജയിച്ചത്.

വോട്ട് നില 2014

എം.ബി. രാജേഷ് (സിപിഐഎം) -4,12,897

എം.പി. വീരേന്ദ്രകുമാര്‍ (എസ്ജെഡി) - 3,07,597

ശോഭാസുരേന്ദ്രന്‍ (ബിജെപി) - 1,36,541.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.