എഎന്‍ആര്‍ ഇന്ന് കൈപ്പമംഗലത്ത്

Thursday 11 April 2019 12:09 pm IST

കൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ തദ്ദേശവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ചാലക്കുടി ലോകസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ ഈ പ്രദേശത്തെ പ്രതിനിധീകരിച്ച് പാര്‍ലിമെന്റില്‍ എത്തിയിട്ടുണ്ടെങ്കിലും റിഫൈനറിയില്‍ തദ്ദേശവാസികള്‍ക്ക്‌ജോലിക്കുള്ള പരിഗണനയ്ക്കായി ഒന്നും ചെയ്തില്ല. 

ഇപ്പോഴും റിഫൈനറിയില്‍ തദ്ദേശവാസികള്‍ക്കുള്ള പ്രാതിനിധ്യം കുറവാണ്. ഇക്കാര്യത്തിന് താന്‍ പ്രഥമ പരിഗണന നല്‍കുന്നുവെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡല പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കാലങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും ഒരേ സ്വരത്തില്‍ ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത് ബിജെപിയ്ക്ക് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തില്ലങ്കില്‍ വോട്ടു പാഴാവുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടിന് അമ്പലമേട് നിന്ന് ആരംഭിച്ച എ.എന്‍. രാധാകൃഷ്ണന്റെ കുന്നത്തുനാട് മണ്ഡല പര്യടനം ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തിരവാണിയുര്‍, വടവുകോട്, പുത്തന്‍കുരിശ്, മഴുവന്നൂര്‍, കുന്നത്തുനാട്, വാഴക്കുളം പഞ്ചായത്തുകളില്‍ അദ്ദേഹം പര്യടനം നടത്തി.

എഴുപതോളം കേന്ദ്രങ്ങളിലായിരുന്നു രാധാകൃഷ്ണന് സ്വീകരണം ഒരുക്കിയിരുന്നത്. ബിജെപി ഉപാധ്യക്ഷന്‍ എന്‍. ജയരാജനും എന്‍ഡിഎ ജില്ലാ ഭാരവാഹികളും അദ്ദേഹത്തെ അനുഗമിച്ചു. രാത്രി വാഴക്കുളം പഞ്ചായത്തിലെ ചെമ്പറിക്കിയില്‍ പര്യടനം സമാപിച്ചു. കൈപ്പമംഗലം മണ്ഡലത്തിലാണ് ഇന്ന് എ.എന്‍. രാധാകൃഷ്ണന്റെ പര്യടനം. അഴീക്കോട് സുനാമി കോളനിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം കോതപ്പറമ്പ് ജങ്ഷനില്‍ സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.