മണ്ഡലം മാറുന്നവര്‍

Thursday 11 April 2019 12:31 pm IST

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വരരുചിയെപ്പോലെയാണ് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ.  വരരുചി സ്വന്തം മക്കളെ ഉപേക്ഷിച്ചാണ് മുന്നോട്ടു പോയിരുന്നതെങ്കില്‍ ചോക്കോ മത്സരിച്ച മണ്ഡലമാണ് ഉപേക്ഷിക്കാറ്. അത് ജയി്ച്ചാലും തോറ്റാലും.

കോണ്‍ഗ്രസിന് സുനിശ്ചയമെന്ന് കരുതുന്ന മണ്ഡലത്തില്‍ നില്‍ക്കുക, ജയിക്കുക, മണ്ഡലത്തിലേക്ക് പിന്നെ തിരിഞ്ഞുനോക്കാതിരിക്കുക, അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുക. ചാക്കോയ്ക്ക് മാത്രം അവകാശപ്പെട്ട കാര്യമാണിത്. ജയിപ്പിച്ചുവിട്ട ജനങ്ങളെ നേരിടാനുള്ള മടിയാണ് കാരണം.

1980-ല്‍ പിറവം മണ്ഡലത്തില്‍ നിന്നായിരുന്നു ചാക്കോയുടെ കന്നി ജയം. നിയമസഭയിലേക്ക്. നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പും കിട്ടി. കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിക്കുമൊപ്പം ചാക്കോയും ഇടതുപക്ഷത്തോടൊപ്പമായിരുന്നു ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രന്‍ പി. പൗലോസിനെ 3251 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. കന്നിജയം നേടി. ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ അധികം താമസിയാതെ കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ചാക്കോ തയ്യാറായില്ല. ശരത്പവാറിനൊപ്പം കോണ്‍ഗ്രസ് (എസ്). അതിന്റെ ദേശീയ നേതാവുമായി. പവാര്‍ കോണ്‍ഗ്രസായപ്പോള്‍ ചാക്കോയും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991-ല്‍ തൃശൂര്‍ ലോക്‌സഭയില്‍ നിന്ന് ജയം. അടുത്ത തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നില്‍ക്കാന്‍ ധൈര്യം വന്നില്ല. തോല്‍വി മുന്നില്‍ കണ്ട് മുകുന്ദപുരത്ത് മാറി. അവിടെ ജയിച്ചു. ചാക്കോയ്ക്ക് പകരം തൃശൂരില്‍ നിന്ന  കെ. കരുണാകരന്‍ തോറ്റു.

98ൽ ഇടുക്കിയിലാണ് ചാക്കോ മത്സരത്തിനിറങ്ങിയത്. 99ല്‍ ഇടുക്കി ഉപേക്ഷിച്ച് കോട്ടയത്തേക്ക് മാറി. കെ.സുരേഷ്‌കുറുപ്പിനോട് തോറ്റതോടെ പിന്നീടു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ നിന്ന് മാറി നിന്നു.

18 വര്‍ഷത്തിനുശേഷം 2009 ല്‍ കഴിഞ്ഞതവണ വീണ്ടും തൃശൂരിലെത്തി ജയിച്ചു. തൃശൂരിലെ കോണ്‍ഗ്രസുകാര്‍തന്നെ വേണ്ടെന്നു പറഞ്ഞതിനാല്‍ വീണ്ടും മണ്ഡലം മാറി. 2014ല്‍  ചാലക്കുടിയിലേക്ക്.  നടന്‍ ഇന്നസെന്റിനോട് തോറ്റു. ഇത്തവണ ചാലക്കുടി എന്നല്ല ഒരിടത്തും സീറ്റുമില്ല.

മണ്ഡലം മാറ്റത്തില്‍ ചാക്കോയ്ക്ക് അടുത്തു നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരാണ്. നാലു തവണ നാല് മണ്ഡലത്തെയാണ് (തിരുവല്ല, അമ്പലപ്പുഴ, പീരുമേട്, തിരുവനന്തപുരം) പികെവി ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത്. എ.കെ ഗോപാലനാണ് മറ്റൊരു മണ്ഡലോട്ടക്കാരന്‍. 1951-ല്‍ കണ്ണൂരില്‍ നിന്നും ഇയിച്ച എകെജി 1957, 62, 67 വര്‍ഷങ്ങളില്‍ കാസര്‍കോടാണ് മത്സരിച്ചത്. കാസര്‍കോട് സൂരക്ഷിതല്ലന്ന് കണ്ട് 71-ല്‍ പാലക്കാട്ടേയ്ക്ക് പാലായനം ചെയ്തു. അവിടെ ജയിച്ചു. പക്ഷേ കാസര്‍കോട് എകെജിയ്ക്ക് പകരം മത്സരിച്ച ഇ.കെ. നായനാര്‍ തോറ്റു.

ജയിച്ച മണ്ഡലത്തില്‍ പിന്നീട് മത്സരിക്കാതെ പേടിച്ചോടിയ മറ്റൊരു പ്രമുഖന്‍ സി.എം സ്റ്റീഫനാണ്. 1971-ല്‍ മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച സ്റ്റീഫന്‍ 77-ല്‍ ഇടുക്കിയിലാണ് നിന്നത്. ഇടുക്കിയുടെ ആദ്യ ലോകസഭാംഗമായെങ്കിലും 80ല്‍ മണ്ഡലം ദല്‍ഹിയാക്കി. എതിരാളി സാക്ഷാല്‍ എ.ബി.വാജ്‌പേയി. തോറ്റെങ്കിലും സ്റ്റീഫനെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ വീണ്ടും നിര്‍ത്തി ജയിപ്പിച്ചു. ജനതാ ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായി. 

വികെ കൃഷ്ണമോനോന്‍ (മുംബൈ, മിഡാനാപൂര്‍ , തിരുവനന്തപുരം), രവീന്ദ്രവര്‍മ്മ (തിരുവല്ല, റാഞ്ചി, മുംബൈ),  (സുശീല ഗോപാലന്‍ ( അമ്പലപ്പുഴ, ആലപ്പുഴ, ചിറയന്‍കീഴ്), സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), കെ കരുണാകരന്‍ ( മുകുന്ദപുരം, തിരുവനന്തപുരം), പി ജെ കുര്യന്‍ (ഇടുക്കി, മാവേലിക്കര), രമേശ് ചെന്നിത്തല( മാവേലിക്കര, കോട്ടയം), ബി കെ നായര്‍ (മാവേലിക്കര, കൊല്ലം), മുല്ലപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍, വടകര), കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍, മാവേലിക്കര), ഇ അഹമ്മദ്( മഞ്ചേരി, പൊന്നാനി) എന്നിവരും ജയിച്ച മണ്ഡലം വിട്ട് മറ്റൊരിടത്ത് ജനവിധി തേടി ജയം കണ്ടവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.