മംഗളാദേവി ഉത്സവം: ഇത്തവണയും സര്‍ക്കാര്‍ പരിപാടി

Friday 12 April 2019 3:17 am IST

കുമളി: ചരിത്രപ്രസിന്ധമായ മംഗളാദേവി കണ്ണകിക്ഷേത്രത്തിലെ ഉത്സവചടങ്ങുകള്‍ ഇത്തവണയും സര്‍ക്കാര്‍ പരിപാടിയായി മാറും. ക്ഷേത്രാചാര വിശ്വാസങ്ങളുമായി ബന്ധമുള്ളവരെയോ ഹൈന്ദവ സംഘടനകളെയോ കൂടിയാലോചനകള്‍ക്കുപോലും കേരള സര്‍ക്കാര്‍ ക്ഷണിച്ചില്ലെന്ന പരാതി ശക്തം. 

വിശ്വാസികളെകൂടി ഉള്‍പ്പെടുത്തി ആലോചനാ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന ആവശ്യവുമായി ഇടുക്കി ജില്ലാ കളക്ടറെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ശനാനുമതി നല്‍കിയില്ലെന്ന് മംഗളാദേവി കണ്ണകി ഭക്തസേവാസമിതി ഭാരവാഹികള്‍ പറഞ്ഞു. കണ്ണകിക്ഷേത്രവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും, കേരളത്തിലും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കണ്ണകി ഭക്തസേവാസമിതി. എന്നാല്‍, തേനി ജില്ലാ കളക്ടര്‍ സമിതി ഭാരവാഹികളുമായി ഉത്സവ ചടങ്ങുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

മുന്‍കാലങ്ങളില്‍ ഉത്സവചടങ്ങുകളെ കുറിച്ച് ആലോചിക്കാന്‍ വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി സംസ്ഥാന റവന്യൂ വകുപ്പ് ആലോചനാ യോഗങ്ങള്‍ നടത്തിയിരുന്നു. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളെയും, കുമളി ദുര്‍ഗ-ഗണപതി ക്ഷേത്രഭാരവാഹികളും തമിഴ്നാട്ടിലെ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ നടക്കുന്ന യോഗങ്ങളില്‍ സംബന്ധിച്ചിരുന്നു. 

ഈ വര്‍ഷം മംഗളാദേവിയുമായി ബന്ധപ്പെട്ട ആദ്യയോഗം നടന്നത് തമിഴ്നാട്ടിലാണ്. പിന്നീട് ഇടുക്കി ജില്ലാ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ വിവിധ ട്രേഡേ് യൂണിയന്‍ നേതാക്കള്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മാത്രം ചുമതലയില്‍ നടന്നുവന്നിരുന്ന കണ്ണകിക്ഷേത്ര ഉത്സവചടങ്ങുകള്‍ എക്കാലവും ആക്ഷേപങ്ങള്‍ക്ക് കാരണമായിരുന്നു. ഏതാനും വര്‍ഷങ്ങളായി കുമളി ഗണപതിക്ഷേത്ര ഭാരവാഹികളാണ് കണ്ണകി തീര്‍ഥാടകര്‍ക്കായി അന്നദാനം നല്‍കിയിരുന്നത്. ക്ഷേത്ര വിശ്വാസികളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമെന്ന് വിവിധ വിശ്വാസ സംഘടനകള്‍ പറയുന്നു.

പെരിയാര്‍ വന്യജീവി സാങ്കേതത്തിനുള്ളിലെ മലമുകളില്‍ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് മംഗളാദേവി കണ്ണകികോവില്‍. കേരള വനം വകുപ്പിന്റെ അധീനതയില്‍ ഉള്ള ഭൂമിയിലാണ് ക്ഷേത്രം. വര്‍ഷത്തില്‍ ഒരു ദിവസം മാത്രമേ ഭക്ത ജനങ്ങള്‍ക്ക് ഇവിടെ ആരാധന നടത്തുവാന്‍ അധികൃതര്‍ അനുമതി നല്‍കാറുള്ളു. 19ന് ആണ് ഇവിടെ ഉത്സവം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.