വിജയ് സങ്കല്‍പ റാലിക്കൊരുങ്ങി നഗരം; പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്

Friday 12 April 2019 3:29 am IST

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഒരുങ്ങി സാമൂതിരിയുടെ തട്ടകം. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ഇന്ന് വൈകിട്ട് നടക്കുന്ന വിജയ് സങ്കല്‍പ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. പ്രത്യേകവിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം റോഡുമാര്‍ഗം ആറു മണിയോടെ കടപ്പുറത്തെ വേദിയിലെത്തും.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും എന്‍ഡിഎയുടെ ദേശീയ സംസ്ഥാന നേതാക്കളും വേദിയില്‍ സന്നിഹിതരാവും. കോഴിക്കോട്, വടകര, മലപ്പുറം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനശേഷം റോഡുമാര്‍ഗം വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന നരേന്ദ്ര മോദി പ്രത്യേകവിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും. 

സുരക്ഷാ പരിശോധനയുടെ ഭാഗമായി റാലിക്കെത്തുന്ന പ്രവര്‍ത്തകര്‍ നാലു മണിക്ക് മുമ്പ് കടപ്പുറത്തെത്തണം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘത്തിന്റെ നിരീക്ഷണത്തിലാണ് കടപ്പുറത്തെ വേദിയും പരിസരവും. ഇന്നലെ വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കടപ്പുറം വരെ വാഹനവ്യൂഹം ട്രയല്‍ റണ്‍ നടത്തി.  പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമാന്‍ഡോകളും സായുധസേനാവിഭാഗവും ഉള്‍പ്പെടെ 2000 പോലീസുദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഉത്തരമേഖലാ എഡിജിപി ഷേയ്ഖ് ധര്‍വേഷ് സാഹിബ്, കണ്ണൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിനാണ് സുരക്ഷാ ചുമതല. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.