ഗെയില്‍ പൈപ്പ് ലൈന്‍ വീണ്ടും തടസ്സം; കാലാവധി നീട്ടുന്നു

Friday 12 April 2019 4:05 am IST

മട്ടാഞ്ചേരി: കൊച്ചി-മംഗലാപുരം ഗെയില്‍ പൈപ്പ് ലൈന്‍ പ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. സംസ്ഥാനാതിര്‍ത്തിയിലെ കാസര്‍കോട്, മംഗലാപുരം മേഖലയിലാണ് പൈപ്പിടല്‍ തടസ്സപ്പെട്ടത്. കാസര്‍കോട് ചന്ദ്രഗിരിപ്പുഴയ്ക്കും മംഗലാപുരം നേത്രാവതിക്കും കുറുകെ പൈപ്പിടുന്നതിന്റെ സാങ്കേതികതയാണ് പുതിയ തടസവാദം. 

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഭരണകേന്ദ്രങ്ങളും പ്രശ്ന പരിഹാരത്തിലിടപ്പെടുന്നില്ല. അഞ്ച് വര്‍ഷമായി നടക്കുന്ന ഗെയില്‍പദ്ധതി ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് പ്രകൃതി വാതകം വ്യവസായിക മേഖലകളില്‍ വിതരണത്തിനാണ് മംഗലാപുരം വരെ 550 കിലോമീറ്റര്‍ നീളത്തില്‍ പെപ്പിടാന്‍ തീരുമാനിച്ചത്.

 2016ല്‍ മെയില്‍ തുടങ്ങിയ പ്രവര്‍ത്തനം പല ഘട്ടങ്ങളിലും ജനകീയ പ്രതിഷേധത്തില്‍ തടസപ്പെട്ടു. സംസ്ഥാന ഭരണകൂടത്തിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് ഇതിനകം പത്തിലേറെ തവണ പൈപ്പിടല്‍ പുര്‍ത്തിയാക്കല്‍ തീയതി നീട്ടി. ഒടുവില്‍ 2018 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞെങ്കിലും പിന്നീടിത് മാര്‍ച്ചിലേയ്ക്കും മെയിലേയ്ക്കും നീട്ടി. 

ഗെയില്‍ പൈപ്പിടല്‍ നീളുന്നതോടെ കൊച്ചി എല്‍എന്‍ജി ടെര്‍മിനലിന്റെ പൂര്‍ണമായുള്ള പ്രവര്‍ത്തനം നീളും. 2013ല്‍ കമ്മീഷന്‍ ചെയ്തെങ്കിലും നിലവില്‍ ടെര്‍മിനലിന്റെ ശേഷിയുടെ 10 ശതമാനമാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം കൊച്ചി ടെര്‍മിനല്‍ പെട്രോനെറ്റിന് വന്‍ നഷ്ടമാണ്. ടെര്‍മിനല്‍ വികസന പദ്ധതികള്‍ സ്തംഭനത്തിലുമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.