തീരദേശത്തെ തൊട്ടറിഞ്ഞ്

Friday 12 April 2019 2:04 pm IST

കൊച്ചി: തീരദേശ മേഖലയില്‍ ആവേശത്തിരയിളക്കി  എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കൊച്ചി നിയോജകമണ്ഡലം പര്യടനം. അമരാവതിയില്‍ തുടങ്ങിയ പ്രചാരണം തോപ്പുംപടി, ചെറിയകടവ്, ചെല്ലാനം, ഗുണ്ടുപറമ്പ് തുടങ്ങി വിവിധയിടങ്ങളിലൂടെ കുമ്പളങ്ങി ഇല്ലിയ്ക്കലില്‍ സമാപിച്ചു. ഇരുപത്തഞ്ചിലേറെ കേന്ദങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി.

ബിജെപിയുടെ ശക്തികേന്ദ്രമായ പശ്ചിമകൊച്ചിയിലെ പ്രദേശങ്ങളില്‍ കരുത്തു മുഴുവന്‍  പ്രകടമാക്കിയ സ്വീകരണ- പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 30 വര്‍ഷമായി കൊച്ചി കോര്‍പ്പറേഷന്‍ അംഗമായ ശ്യാമള.എസ്. പ്രഭു നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു.

പരസ്യപ്രചാരണം അമരാവതിയില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. 

എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഒറ്റ വാഗ്ദാനമെ തനിക്ക് നല്‍കാനുള്ളൂവെന്ന് സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അതിലെല്ലാമടങ്ങിയിട്ടുണ്ട്. പൊള്ള വാഗ്ദാനങ്ങളല്ല, ജനങ്ങളുടെ സന്തോഷമാണ് ലക്ഷ്യമെന്നും അക്കാര്യം കാഞ്ഞിരപ്പള്ളി എംഎല്‍എ എന്നനിലയ്ക്ക് തെളിയിച്ചിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ബിജു അദ്ധ്യക്ഷത വഹിച്ചു. 

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ നോബിള്‍മാത്യു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സെക്രട്ടറി കെ.എസ്. ഉദയകുമാര്‍,  ട്രഷറര്‍ കെ.എസ്. സുരേഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. സുദേവന്‍, കെ. ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

മട്ടാഞ്ചേരി ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സ്ഥാനാര്‍ഥിയെ ആരതി ഉഴിഞ്ഞും മുല്ലപ്പൂമാല അണിയിച്ചും എതിരേറ്റു. സ്ത്രീകളടക്കം നിരവധിപ്പേര്‍ സ്വീകരിക്കാനെത്തി. കൊച്ചിന്‍ ഗുജറാത്തി മഹാജന്‍ സന്ദര്‍ശിച്ചു. 112 വര്‍ഷം പഴക്കമുള്ള ജൈന  ക്ഷേത്രത്തിലെത്തിയ കണ്ണന്താനം കുറച്ചുനേരം തനിയെ നിശബ്ദതയില്‍   ചെവഴിച്ചു. തുടര്‍ന്ന് കാപ്പി കുടിക്കാന്‍ മട്ടാഞ്ചേരി മിഠായി ഷോപ്പില്‍ കയറിയ സ്ഥാനാര്‍ത്ഥി ഇഷ്ടവിഭവമായ കമന്‍ ഡോക്ലയും കഴിച്ചാണ് മടങ്ങിയത്.

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് 10000 കോടിയുടെ വികസനപദ്ധതി നടപ്പാക്കാന്‍ ബിജെപി നടപടിയെടുത്തുവരികയാണെന്ന് തീരദേശമേഖലയില്‍ കണ്ണന്താനം പറഞ്ഞു.ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പെട്ടികള്‍, സ്റ്റോറേജ്, കോള്‍ഡ് സ്റ്റോറേജ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് എറണാകുളം മണ്ഡലത്തിലാണ് കണ്ണന്താനത്തിന്റെ പരസ്യപ്രചാരണം. എളമക്കര പുന്നയ്ക്കല്‍ ജങ്ഷനില്‍ നിന്ന് രാവിലെ എട്ടിന് ആരംഭിക്കും. 

 

സമ്മാനമായി നാടന്‍ പച്ചക്കറിയും ആനയും ഗുജറാത്തി വിഭവവും

മട്ടാഞ്ചേരിയില്‍ പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ജനങ്ങള്‍ സമ്മാനിച്ചത് നാടന്‍ പച്ചക്കറിയും മരആനയും ഗുജറാത്തി വിഭവങ്ങളും. 

അമരാവതിയില്‍ വേദിയിലെത്തിയ കുട്ടികളാണ് പറമ്പിലുണ്ടായ പച്ചക്കറി സമ്മാനിച്ചത്. തുണ്ടിപ്പറമ്പില്‍ നടന്ന സ്വീകരണത്തില്‍ കുട്ടികൂട്ടം മരആനയെ സമ്മാനിച്ചു. ഗുജറാത്തി മഹാജന്‍ നല്‍കിയ സ്വീകരണത്തിന് ശേഷം ശാന്തിലാല്‍ മിഠായി വാലയില്‍ നിന്ന് ഡോക്ക്‌ലയും ഗാട്ടിയ ജിലേബി എന്നിവയും നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.