പെരിയ ഇരട്ടക്കൊലപാതകം: സിപി‌എമ്മിന് പങ്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

Friday 12 April 2019 2:10 pm IST

കൊച്ചി: സിപിഎം നേതാക്കള്‍ പ്രതികളായ പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ടതായി തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നും സര്‍ക്കാര്‍ പറയുന്നു.

പിടിയിലായ 10 പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം കാര്യക്ഷമമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സിപിഎം നേതാവ് വിപിപി മുസ്തഫ നടത്തിയ പ്രസംഗം കൊലപാതകത്തിന് പ്രേരണയായി എന്ന വാദവും സര്‍ക്കാര്‍ തള്ളി. മുസ്തഫയുടേത് രാഷ്ട്രീയ പ്രസംഗമാണ്. ഭീഷണിപ്പെടുത്തുന്ന രീതിയില്‍ യാതൊന്നും പ്രസംഗത്തിലില്ല. വിപിപി മുസ്തഫക്ക് ഈ കൊലപാതകവുമായി ബന്ധമുളളതിന് തെളിവുകളില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2018ല്‍ മുണ്ടാട് പീപ്പിള്‍സ് കോളജില്‍ കെഎസ്‌യു‌-എസ്‌എഫ്‌ഐ സംഘര്‍ഷം നടന്നു. ഇത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തിലേക്ക് കലാശിച്ചു. കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരനെ കൊല്ലപ്പെട്ട ശരത് ലാലും സംഘവും പരിക്കേല്‍പിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.  

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.