തീരം എഎന്‍ആറിനൊപ്പം

Friday 12 April 2019 5:32 pm IST

കൊച്ചി: തീരദേശത്തെ ആവേശത്തിലാഴ്ത്തിയായിരുന്നു ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ കൈപ്പമംഗലം മണ്ഡല പര്യടനം. 

രാവിലെ അഴീക്കോട് സുനാമി കോളനിയില്‍ നിന്ന് ആരംഭിച്ച പര്യടനം ബിഡിജെഎസ് തൃശൂര്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടതിരിത്തി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. നാല്‍പതോളം കേന്ദ്രങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിരുന്നു. തീരദേശവാസികളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ എ.എന്‍. രാധാകൃഷ്ണന്‍ വിജയിച്ചു വരുമ്പോള്‍ കൈപ്പമംഗലം മണ്ഡലത്തിലെ തീരപ്രദേശത്ത് നൂറ് ദിവസം കൊണ്ട് പുലിമുട്ട് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കി. 

അഴീക്കോട്- മുനമ്പം പാലം യാഥാര്‍ത്ഥ്യമാക്കി നരേന്ദ്ര മോദിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി പാവപ്പെട്ടവനും പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ആളുമായതിനാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും അന്തമായ മോദി വിരോധമാണ്. ഇക്കാരണത്താല്‍ വീടില്ലാത്തവര്‍ക്ക് വീടു വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പ്രധാനമന്ത്രി ആവാസ് യോജന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ആദ്യ സ്വീകരണസ്ഥലമായ  സുനാമി കോളനിയില്‍ പങ്കായം നല്‍കിയും, പെരിഞ്ഞനത്ത് വഞ്ചി നല്‍കിയുമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.പര്യടനം രാത്രിയില്‍ കോതപറമ്പ് ജങ്ഷനില്‍ സമാപിച്ചു. ഇന്ന് ആലുവ നിയോജക മണ്ഡലത്തിലാണ് എ.എന്‍. രാധാകൃഷ്ണന്‍ പര്യടനം നടത്തുക. മണ്ഡലത്തിലെ 167 ബൂത്തുകളില്‍ അദ്ദേഹം പര്യടനം നടത്തും. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പറമ്പുശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം എടത്തല പഞ്ചായത്തിലെ തേവയ്ക്കല്‍ സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.