സംസ്ഥാനത്തെ 2592 തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

Saturday 13 April 2019 3:30 am IST

കൊച്ചി: കേരളത്തിലെ 2592 തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ചൂടുകൂടി, കുടിവെള്ളവും കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഏറെ ആശ്വാസകരമാണ് പദ്ധതി. രാജ്യത്തെമ്പാടും തീരദേശമേഖലകളില്‍ ചെറിയ തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആര്‍ഐ) ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2.25 ഹെക്ടറില്‍ താഴെയുള്ള തണ്ണീര്‍തടങ്ങളാണ് സംരക്ഷിക്കുക.

 തണ്ണീര്‍ തടങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പും വെബ്സൈറ്റും വികസിപ്പിക്കുന്നതിന് സിഎംഎഫ്ആര്‍ഐയും ഐഎസ്ആര്‍ഒയുടെ കീഴിലുള്ള സ്പേസ് അപ്ലിക്കേഷന്‍സ്് സെന്ററും (സാക്) ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തില്‍ മാത്രം ഈ ഗണത്തില്‍ പെടുന്ന 2592 തണ്ണീര്‍തടങ്ങളുണ്ട്. ഇവയുടെ മാപ്പിങ്, തത്സമയ നിരീക്ഷണം തുടങ്ങി തീരദേശവാസികള്‍ക്ക് ഈ മേഖലകളില്‍ മത്സ്യ-ചെമ്മീന്‍-ഞണ്ട് കൃഷികള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതടക്കമുള്ളവ മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കും. 

ഉപഗ്രഹ ചിത്രങ്ങളുപയോഗിച്ച് ഐഎസ്ആര്‍ഒ നേരത്തെ തന്നെ വികസിപ്പിച്ച തണ്ണീര്‍തട ഭൂപടം, ഓരോ പ്രദേശത്തെയും ജലഗുണനിലവാരം, ഭൗതിക-രാസ പ്രത്യേകതകള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കും. 

സിഎംഎഫ്ആര്‍ഐ ആണ് ഇത്തരം വിവരങ്ങള്‍ ശേഖരിക്കുക. ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷി രീതികള്‍ ഏതെന്ന് ആപ്പ് വഴി തീരദേശവാസികള്‍ക്കും കര്‍ഷകര്‍ക്കും നല്‍കും. അതത് സമയങ്ങളിലെ തണ്ണീര്‍തടങ്ങളുടെ വിവരങ്ങള്‍ തീരദേശവാസികള്‍ക്കും ആപ്പ് വഴി നല്‍കാനാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. വിവരശേഖരണത്തിന് മറ്റ് ഗവേഷണ സ്ഥാപനങ്ങളുടെയും തീരദേശവാസികളുടെയും സഹായം തേടുമെന്ന് സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും നിക്ര പദ്ധതിയുടെ മുഖ്യ ഗവേഷകനുമായ ഡോ. പി.യു. സക്കറിയ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.