വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യ ദ്രോഹ നിയമം കര്‍ശ്ശനമാക്കും : രാജ്‌നാഥ് സിങ്

Saturday 13 April 2019 10:44 am IST

അഹമ്മദാബാദ് : ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യദ്രോഹ നിയമം കുടുതല്‍ കര്‍ശ്ശനമാക്കുമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ രാജ്യദ്രോഹ നിയമം എടുത്ത് കളയുമെന്ന് പ്രതിപാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. 

പ്രകടന പത്രികയിലെ ഈ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ഇന്ത്യയെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നും ചോദിച്ചു. രാജ്യ ദ്രോഹക്കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് അങ്ങിനെയൊരു സൂചനയല്ലേ നല്‍കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യദ്രോഹക്കുറ്റത്തിനെതിരെയുള്ള നടപടികള്‍ കര്‍ശ്ശനമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ മോദിസര്‍ക്കാരിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ഇത് രാജ്യത്തു നിന്ന് തുടച്ചു നീക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ ആരംഭം കുറിച്ച് കഴിഞ്ഞു. രാജ്യത്തോടുള്ള മോദിയുടെ പ്രതിബദ്ധതയും സമഗ്രതയും ഒരാള്‍ക്കും ചോദ്യം ചെയ്യാനാവുന്നതല്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 

അതിനിടെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വിവാദ പരാമര്‍ശത്തേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കശ്മീരിന് ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ക്കായി വേറൊരു പ്രധാനമന്ത്രിയും വേണമെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശം. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ തുടര്‍ന്നാല്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നീ വകുപ്പുകള്‍ എടുത്ത് മാറ്റുന്നതിനെ കുറിച്ച് സര്‍ക്കാരിന് ചിന്തിക്കേണ്ടതായി വരുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.