പിണറായി സര്‍ക്കാരിന്റെ കള്ളക്കളി;കള്ളക്കടത്തുകാരന് മോചനം

Saturday 13 April 2019 11:23 am IST
പുറത്തിറങ്ങുന്നത് സ്വര്‍ണക്കടത്തുകാരന്‍, മിനി കൂപ്പര്‍ വിവാദക്കാരന്റെ കൂട്ടുപ്രതി, എംഎല്‍എമാരുടെ വിദേശത്തെ ആതിഥേയന്‍

കൊച്ചി: സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഒരു പോലെ വേണ്ടപ്പെട്ടവനായ  കള്ളക്കടത്തുകാരനെ ഇടതു സര്‍ക്കാര്‍ കോഫെപോസ കരുതല്‍ തടങ്കലില്‍ നിന്ന് രക്ഷിച്ചു. ഇയാളെ രക്ഷിക്കാന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം വീഴ്ചവരുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന്, 39 കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ കുടുങ്ങിയ അബു ലൈസിനെ  മോചിപ്പിക്കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവായി. ജസ്റ്റീസ്മാരായ സി.ടി. രവികുമാര്‍, എന്‍. നഗരേഷ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

കള്ളക്കടത്തിന് അറസ്റ്റിലായാല്‍ കോഫെപോസ നിയമം ചുമത്തണം. അക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിക്കണം. അബു ലൈസിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാരാണ് കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് കൊടുത്തത്. കോഫെപോസ ചുമത്തിയത് പ്രത്യേക കോഫെപോസ ബോര്‍ഡ് അംഗീകരിക്കണം. മൂന്ന് ഹൈക്കോടതി ജഡ്ജിമാരാണ് ഇതിലെ അംഗങ്ങള്‍. അവര്‍ക്ക് നല്‍കുന്ന രേഖകള്‍ കുറ്റമറ്റതല്ലെങ്കില്‍, സംശയത്തിന്റെ ചെറിയ ആനുകൂല്യത്തില്‍ പോലും കേസ് തടങ്കല്‍ റദ്ദാകാം. ഈ ആനുകൂല്യത്തിലാണ് ഇന്നലെ കോടതി അബു ലൈസിനെ വിട്ടത്. ആവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു. 

അബുവിന്റെ കൂട്ടുപ്രതി ഷഹബാസ് 2015-ല്‍ ബോര്‍ഡിന്റെ ആനുകൂല്യത്തില്‍ കേസില്‍നിന്ന് വിമുക്തനായിരുന്നു. ബോര്‍ഡ് കരുതല്‍ തടങ്കല്‍ റദ്ദാക്കി. ഒരേ കേസില്‍ മറ്റൊരാളുടെ തടങ്കല്‍ റിപ്പോര്‍ട്ടില്‍ ആ കേസ് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും  ഉള്‍പ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍, ഷഹബാസിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ വിവരം സര്‍ക്കാര്‍ 2015-ല്‍ മറച്ചുവെച്ചു. ഈ ഒറ്റക്കാരണത്താലാണ് ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍  അബു ലൈസിന്റെ തടങ്കല്‍ റദ്ദാക്കിയത്. 2019 ആഗസ്ത് വരെയായിരുന്നു കരുതല്‍ തടങ്കല്‍ കാലാവധി. ഇതുകൂടാതെയും സര്‍ക്കാര്‍ മനപ്പൂര്‍വം പിഴവുകള്‍  വരുത്തിയിട്ടുണ്ട്. 

കോടിയേരിയുടെ കൂപ്പര്‍ യാത്ര

അന്വേഷണ ഏജന്‍സികള്‍ വാണ്ടഡ് കുറ്റവാളിയായി പ്രഖ്യാപിച്ച  അബു ലൈസ് ദുബായിയില്‍ ഒളിവിലായിരുന്നു. അന്ന് സിപിഎം നേതാക്കളും എംഎല്‍എമാരുമായ കാരാട്ട് റസാഖ്  (കൊടുവള്ളി), പി.ടി.എ. റഹിം (കുന്ദമംഗലം) എന്നിവരും കോണ്‍ഗ്രസ്സിലെ ടി. സിദ്ദിഖും മുസ്ലിംലീഗിലെ പി.കെ. ഫിറോസും ദുബായിയില്‍ അബു ലൈസിന്റെ വിരുന്ന് സ്വീകരിച്ചവരാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രാ സമയത്ത് സഞ്ചരിച്ച മിനി കൂപ്പര്‍ കാറിന്റെ ഉടമ കാരാട്ട് ഫൈസലും അബുവിനോടൊപ്പം കള്ളക്കടത്തില്‍ പങ്കാളിയാണ്.

2013ല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ആറുകിലോ സ്വര്‍ണം കടത്തിയത് പിടിച്ചതോടെയാണ് അബു ലൈസ് നോട്ടപ്പുള്ളിയായത്. ഇയാളെ പിടികൂടാന്‍ റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടയിലും പലരുടേയും സംരക്ഷണത്തില്‍ ഇയാള്‍ മൂന്നുവട്ടം കേരളത്തില്‍ വന്നുപോയി. 2018 ആഗസ്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തൃശൂരില്‍ വച്ച്  പിടിയിലായി. 

അബു ലൈസ് വിദേശത്ത് നേതാക്കളുടെ വിശിഷ്ട ആതിഥേയന്‍

കൊച്ചി: കോഫെപോസ തടവില്‍നിന്ന് മോചിതനായ അബു ലൈസ് കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് ശൃംഖലയിലെ വമ്പനാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കേരളത്തിലെ ഇടത്-വലത് മുന്നണി നേതാക്കള്‍ക്ക് പ്രിയപ്പെട്ട  ആതിഥേയനും.

എയര്‍ ഇന്ത്യയിലെ ജീവനക്കാരി, വയനാട് സ്വദേശി ഹിറമോസ് സെബാസ്റ്റിയന്‍, വടകരക്കാരി റാഹില ചിറായി എന്നിവരുടെ സഹായത്തോടെയാണ് അബു ലൈസും സംഘവും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിരുന്നത്. ഇങ്ങനെ 39 കിലോ സ്വര്‍ണം ഇവര്‍ കടത്തി. 2013-ല്‍ ആറു കിലോ സ്വര്‍ണത്തിന്റെ ഇടപാട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിച്ചതോടെയാണ് കേസ് തുടങ്ങുന്നത്. 

കസ്റ്റംസും ഡിആര്‍ഐയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അബു ലൈസ് ദുബായിലേക്ക് കടന്നു. അന്നത്തെ സംസ്ഥാന സര്‍ക്കാരും നേതാക്കളും ഇതിന് ഒത്താശ ചെയ്തു. പിന്നീട് 2016 ഒക്‌ടോബറിലും 2017 ജനുവരിയിലും ഏപ്രിലിലും ഇയാള്‍ നേപ്പാള്‍ വഴി ഇന്ത്യയിലും റോഡു മാര്‍ഗം കേരളത്തിലും വന്നുപോയി. 2017 നവംബര്‍ ഒന്നിന് ഇയാള്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായി. പക്ഷേ, അറസ്റ്റ് രേഖപ്പെടുത്തുംമുമ്പ് കേരള പോലീസിലെ എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ ഇടപെട്ട് വിടുവിച്ചു. പോലീസ് ഉദ്യോഗസ്ഥനെ വിനിയോഗിച്ച് സിപിഎം നേതാക്കളാണ് ചെയ്തതെന്ന് വാര്‍ത്ത ഉണ്ടായിരുന്നു.

കള്ളക്കടത്തിലൂടെ വലിയ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് അബു ലൈസ്. ഒട്ടേറെ കമ്പനികള്‍ നാട്ടിലും വിദേശത്തും നടത്തുന്നുണ്ട്. എംഎല്‍എമാരായ കാരാട്ട് റസാഖും പി.ടി.എ. റഹിമും ദുബായില്‍ അബുവിന്റെ ആതിഥ്യം സ്വീകരിച്ചതും ചടങ്ങുകളില്‍ ഒന്നിച്ച് പങ്കെടുത്തതും സമ്മതിച്ചിരുന്നു. കൊടുവള്ളിക്കാരനായ ബിസിനസുകാരുടെ പരിപാടിയിലാണ് അബുവിന്റെ കമ്പനിയാണെന്ന് അറിഞ്ഞല്ല പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. യുഡിഎഫ് നേതാക്കളായ ടി. സിദ്ദിഖും പി.കെ. ഫിറോസും അബുവിനൊപ്പമുള്ള ചിത്രങ്ങളും പ്രചരിച്ചു. അവരും ബന്ധം നിഷേധിച്ചിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.