സുരേന്ദ്രന് പൂങ്കാവനത്തിന്റെ വികാരനിര്‍ഭര വരവേല്‍പ്പ്

Saturday 13 April 2019 11:43 am IST

പത്തനംതിട്ട: വിശ്വാസ സംരക്ഷണ സമരത്തിലൂടെ പൂങ്കാവനത്തിന്റെ വികാരമായി മാറിയ  കെ. സുരേന്ദ്രന് അട്ടത്തോട് ആദിവാസി കോളനിയില്‍ കാടിന്റെ മക്കളുടെ വികാര നിര്‍ഭരമായ സ്വീകരണം. സുരേന്ദ്രനെ കണ്ടതോടെ അമ്മമാര്‍ നിറകണ്ണുകളോടെ ആശ്ലേഷിച്ചു. മലദൈവങ്ങളെ വെറ്റപുകയില സമര്‍പ്പിച്ച് വിളിച്ചുചൊല്ലി പ്രാര്‍ഥിച്ചാണ് ഊരുമൂപ്പന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയത്.

പാണ്ടിമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ നല്‍കിയ സ്വീകരണത്തില്‍ കാണിമൂപ്പനും പെരുമാള്‍മൂപ്പനും നേതൃത്വം നല്‍കി. കണിക്കൊന്നയും പൂവാകയും ഇലഞ്ഞിപ്പൂക്കളും ചേര്‍ത്ത് നിര്‍മിച്ച പൂക്കള്‍ നല്‍കി ആചാരപരമായായിരുന്നു അവരുടെ സ്വീകരണം. 

മണ്ഡലകാലത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഇവിടെയുള്ള ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത് അവര്‍ കണ്ണീരാടെ ഓര്‍ത്തു. രണ്ട് ദിവസം മുന്‍പ് ബസ്സില്‍നിന്ന് പോലീസ് തങ്ങളെ ഇറക്കിവിടാന്‍ നടത്തിയ ശ്രമവും അവര്‍ വിവരിച്ചു.  

എല്ലാറ്റിനും പരിഹാരം ഉണ്ടാകുമെന്ന സുരേന്ദ്രന്റെ ഉറപ്പ് അവര്‍ നെഞ്ചിലേറ്റി. അയ്യപ്പന്റെ  പൂങ്കാവനത്തില്‍ അന്തിമവിജയം ധര്‍മത്തിനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രന്റെ വിജയത്തിനായി പ്രാര്‍ഥനയോടെ കൂടെനില്‍ക്കുമെന്ന് അവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. 38-ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ വോട്ട് ചെയ്യുന്നത്. ശബരിമലയുമായി ഏറ്റവും അടുത്ത ബൂത്താണ് റാന്നി-പെരിനാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട 38-ാം നമ്പര്‍ ബൂത്ത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.