വിജയത്തേരിലേറാന്‍...

Saturday 13 April 2019 5:15 pm IST
മൂന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തില്‍ കണ്ണന്താനം

കൊച്ചി: മനോഹര നഗരമായ കൊച്ചി മാലിന്യം കുമിഞ്ഞു ചീഞ്ഞുനാറുന്നതിന് കാരണം ഇടതു- വലത് മുന്നണികളുടെ കെടുകാര്യസ്ഥത മൂലമെന്ന് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. നിലവിലുള്ള കുത്തഴിഞ്ഞ വ്യവസ്ഥിതിക്ക് മാറ്റം വരുത്താന്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ജനപ്രതിനിധിയുണ്ടാകണം. 

എറണാകുളം നിയോജക മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിനിടെ പുതുക്കലവട്ടത്ത് സംസാരിക്കുകയായിരുന്നു കണ്ണന്താനം. ഇന്നലത്തെ എറണാകുളം മണ്ഡല പര്യടനത്തോടെ ലോക്സഭ മണ്ഡലത്തില്‍ മൂന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ കണ്ണന്താനം തന്റെ നിലപാടുകള്‍ ജനങ്ങള്‍ അംഗീകരിച്ച് ഏറ്റെടുക്കുകയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്നു മുതല്‍ കഴിയുന്നത്ര വോട്ടര്‍മാരെ നേരില്‍ കാണും. തദ്ദേശസ്ഥാപന തലം തൊട്ട് ബൂത്തുതലം വരെ കേന്ദ്രീകരിച്ചാകും വോട്ടുതേടല്‍. 

സ്ഥാനാര്‍ത്ഥിയുടെ നേരിട്ടുള്ള പ്രചാരണത്തിനു പുറമെ മഹിളാ മോര്‍ച്ച, പാര്‍ട്ടി സ്‌ക്വാഡുകളും രംഗത്തുണ്ടാകും. എളമക്കര പുന്നയ്ക്കല്‍ ജങ്ഷനില്‍ നിന്നാരംഭിച്ച എറണാകുളം മണ്ഡലം പര്യടനം പേരണ്ടൂരിലെത്തിയപ്പോള്‍ സ്ഥാനാര്‍ഥി വിവേകാനന്ദ പ്രതിമയില്‍ പൂമാല ചാര്‍ത്തി വന്ദിച്ചു. സമീപത്തെ വഴിയില്‍ നിന്ന 82 കാരി ലീലചേച്ചിയുടെ അടുത്തെത്തി കുശലാന്വേഷണം. അവര്‍ ഷാള്‍ അണിയിക്കാന്‍ തുനിഞ്ഞപ്പോള്‍ തടഞ്ഞ കണ്ണന്താനം ഷാള്‍ വാങ്ങി തിരികെയണിയിച്ചു. ഒടുവില്‍ നിര്‍ബന്ധപൂര്‍വ്വം ഷാളെടുത്ത്  സ്ഥാനാര്‍ത്ഥിയെ അണിയിച്ചുകൊണ്ട് ലീലചേച്ചി പറഞ്ഞു: 'എന്റെ വോട്ട് നിങ്ങള്‍ക്കുള്ളതാണ്'. സ്‌നേഹാശ്ലേഷം നല്‍കി കണ്ണന്താനം ലീലചേച്ചിയോട് വീണ്ടും കാണാമെന്ന് യാത്ര പറഞ്ഞു. 

പൊറ്റക്കുഴി ജങ്ഷനില്‍ സ്വീകരണമേറ്റുവാങ്ങിയ കണ്ണന്താനം പ്രദേശത്ത് സൈക്കിള്‍ റിക്ഷയിലാണ് പ്രചാരണം നടത്തിയത്. പൊറ്റക്കുഴിയില്‍ ചായക്കട നടത്തുന്ന ബലരാജ് സ്ഥാനാര്‍ഥിയോട് സ്‌നേഹം പ്രകടിപ്പിച്ചത് തന്റെ സൈക്കിള്‍ റിക്ഷയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു. കണ്ണന്താനം ഒട്ടും അമാന്തിച്ചില്ല, റിക്ഷയില്‍ കയറിയിരുന്നു. പിന്നെ സൈക്കിള്‍ റിക്ഷയില്‍ നിന്നുകൊണ്ടായി വോട്ടഭ്യര്‍ത്ഥന. 27 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കണ്ണന്താനത്തിന്റെ പര്യടനം ചിറ്റൂര്‍ വിഷ്ണുപുരത്ത് സമാപിച്ചു. പ്രചാരണത്തിന് ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ.എസ്. ഷൈജു, ട്രഷറര്‍ കെ.എസ്. സുരേഷ്‌കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബാലഗോപാല്‍ കെ.ജി, ഏരിയ പ്രസിഡന്റ് എം.പി. ഗിരീഷ്‌കുമാര്‍, പ്രകാശന്‍. ഇ, പുതുക്കലവട്ടം ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണന്താനത്തിന്റെ പ്രചരണാര്‍ത്ഥം മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ റോഡ്‌ഷോ എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഥകളി, പൂക്കാവടി തുടങ്ങി കലാരൂപങ്ങളും വാദ്യഘോഷങ്ങളും വര്‍ണബലൂണുകളുമായി വര്‍ണാഭമായ ഘോഷയാത്ര രാജേന്ദ്രമൈതാനത്തിനു സമീപം ഗാന്ധിസ്‌ക്വയറില്‍ നിന്നാരംഭിച്ച് ഹൈക്കോടതി ജങ്ഷനില്‍ സമാപിച്ചു. ഇന്ന് രാവിലെ എട്ടുമുതല്‍ പനമ്പുകാട് നോര്‍ത്തില്‍ നിന്ന് കണ്ണന്താനം വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ ആരംഭിക്കും. വൈകുന്നേരം മൂന്നിന് വൈപ്പിനില്‍ റോഡ്ഷോയുമുണ്ടാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.