കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും: അന്‍വര്‍ റഷീദ് അന്‍സാരി

Saturday 13 April 2019 5:31 pm IST

ആലുവ: തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ അധ്യക്ഷന്‍ അന്‍വര്‍ റഷീദ് അന്‍സാരി. വര്‍ഷങ്ങളായി കേരളത്തെ അവഗണിക്കുന്ന കോണ്‍ഗ്രസിന് മാതൃകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ചാലക്കുടി മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ ആലുവ നിയോജക മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാവപ്പെട്ടവര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബലഹീനരോടൊപ്പമാണ് എന്നും എന്‍ഡിഎ. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞു. രാജ്യം ഇതു വരെ കാണാത്ത വികസനത്തിന്റെ പാതയിലാണ്. അത് തുടരണം. 

ലോക രാജ്യങ്ങളുടെ മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താനും മോദി സര്‍ക്കാരിന് സാധിച്ചുവെന്നും അന്‍സാരി പറഞ്ഞു. രാവിലെ നെടുമ്പാശ്ശേരി പഞ്ചായത്തിലെ പറമ്പുശ്ശേരിയില്‍ നിന്നും ആരംഭിച്ച എ.എന്‍. രാധാകൃഷ്ണന്റെ മണ്ഡല പര്യടനം ചെങ്ങമനാട്, ശ്രീമൂലനഗരം, കീഴ്മാട്, ചൂര്‍ണ്ണിക്കര, ആലുവ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ എഴുപതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി തേവയ്ക്കലില്‍ സമാപിച്ചു. ചാലക്കുടി മണ്ഡലത്തിലാണ് ഇന്ന് എ.എന്‍. രാധാകൃഷ്ണന്റെ പര്യടനം. കറുകുറ്റി മുതല്‍ കൊരട്ടി വരെയാണ് പര്യടനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.