മുസ്ലിംലീഗ് വൈറസ് തന്നെ

Sunday 14 April 2019 3:58 am IST

മുസ്ലിംലീഗ് വൈറസ് ആണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും എന്ന് ലീഗ് നേതാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ചരിത്രത്തില്‍ യോഗിക്കുള്ള അജ്ഞതയാണ് ഇത്തരത്തിലൊരു പ്രസ്താവനയ്ക്ക് കാരണം എന്നും അവര്‍ പറഞ്ഞു.

ലീഗിന്റെ ചരിത്രം ഒന്ന് പരിശോധിക്കാം. 1962-ല്‍ മുസ്ലിംലീഗ് നേതാവ് മുഹമ്മദ് കോയ കേരള നിയമസഭയുടെ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു എന്നാല്‍ തൊപ്പി മാറ്റിയശേഷം മാത്രമേ മുഹമ്മദ് കോയയെ സ്പീക്കറുടെ കസേരയില്‍ ഇരിക്കാന്‍ അനുവദിച്ചുള്ളൂ. എന്നാല്‍ ഇഎംഎസിന്റെ മന്ത്രിസഭയില്‍ നാലകത്തു സൂപ്പി മന്ത്രിയായി. ലീഗിനെ മന്ത്രിസഭയില്‍ എടുത്തത് ന്യായീകരിക്കാന്‍ ഇഎംഎസ് നിലവില്‍ ഉള്ള ലീഗ് പുതിയ ലീഗ് ആണെന്നും ഇന്ത്യ വിഭജിച്ച ലീഗിനോട് യാതൊരു ബന്ധവും ഇല്ല എന്നും പ്രഖ്യാപിച്ചു. പിറ്റേദിവസം തന്നെ നാലകത്തു സൂപ്പി മുസ്ലിംലീഗിന് ഒരു മാറ്റവും ഇല്ലെന്നു പ്രഖ്യാപിച്ചു, ഇഎംഎസ് മിണ്ടിയില്ല. 

സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് ലീഗ് വര്‍ഗീയകക്ഷിയാണെന്നു വ്യക്തമാക്കി. എന്നിട്ടും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും അധികാരത്തില്‍ കയറാനും അത് നിലനിര്‍ത്താനും വര്‍ഗീയ വിഘടന ശക്തിയായ ലീഗിനെ വെള്ളപൂശുകയാണ്. ഇത് രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ്.

ലീഗിന്റെ ചരിത്രം 

 1888 -ല്‍ ലക്‌നൗവില്‍ സര്‍ സയ്യദ് അഹമ്മദ് ഖാന്‍ ഇപ്രകാരം പ്രസ്താവിച്ചു ''ഇന്ത്യക്ക് ഒരൊറ്റ രാഷ്ട്രമാകാന്‍ കഴിയില്ല.. ഇന്ത്യയെ ഒരൊറ്റ രാഷ്ട്രമായി കാണുന്ന ഏതു ആകൃതിയിലും പ്രകൃതിയിലും ഉള്ള കോണ്‍ഗ്രസ്സിനെയും ഞാന്‍ എതിര്‍ക്കും. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും അധികാരം പങ്കിടല്‍ അസാധ്യമാണ്.'' (A.A.Nizami സര്‍ സെയ്യദ് അഹമ്മദ് ഖാന്‍)

1906ല്‍ ആഗാഖാന്റെ നേതൃത്വത്തില്‍ ഒരു മുസ്ലിം നിവേദക സംഘം വൈസ്രോയിയെ കണ്ടു നിവേദനം കൊടുത്തു. നിവേദനത്തില്‍ രണ്ടു ആവശ്യങ്ങള്‍. 1. മുസ്ലിങ്ങള്‍ക്ക് പ്രത്യേക സമ്മതിദാനാവകാശം വേണം. 2. ഇന്ത്യയുടെ ഭരണം കയ്യാളിയിരുന്നവര്‍ എന്നത് പരിഗണിച്ച് എല്ലാ അധികാരസ്ഥാനങ്ങളിലും മുസ്ലിങ്ങളെ നിയമിക്കണം. 

ഈ അവകാശപത്രികയെ കുറിച്ച് ആഗാഖാന്‍ തന്റെ സ്മരണക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയത് ''ഇത് (മുസ്ലിം അവകാശ പത്രിക)ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നീട് തയാറാക്കിയ എല്ലാ ഭരണഘടനാ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനമാവുകയും ഭാരതവിഭജനവും പാക്കിസ്ഥാന്റെ ഉദയവും അതിന്റെ അന്തിമവും അനിവാര്യവുമായ പരിണാമമാവുകയും ചെയ്തു.'' എന്നാണ്. (The memories of Agakhan- p94)

1906 ഡിസംബര്‍ 30 നു ആഗാഖാന്‍ സ്ഥിരം പ്രസിഡന്റായി അഖിലേന്ത്യാ മുസ്ലിലീഗ് സ്ഥാപിച്ചു. സ്ഥാപന സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് വിതരണം ചെയ്ത 'ലാല്‍ ഇസ്തഹാര്‍' എന്ന ചുവന്ന ലഘുലേഖയില്‍ ലീഗ് ആസൂത്രണം ചെയ്യേണ്ട പദ്ധതി വിശദീകരിച്ചിരിക്കുന്നു ഇതില്‍നിന്നുള്ള ഉദ്ധരണി ''ഹേ മുസല്‍മാന്മാരെ ഉണരൂ, എഴുന്നേല്‍ക്കൂ. ഹിന്ദുക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ പഠിക്കരുത്. ഹിന്ദുക്കളുടെ കടയില്‍ നിന്നു ഒരു വസ്തുവും വാങ്ങിക്കരുത്. ഹിന്ദുവിന്റെ കൈകൊണ്ട് നിര്‍മിച്ച ഒന്നിലും തൊടുകപോലും ചെയ്യരുത്.

ഹിന്ദുവിന്റെ  കീഴില്‍ ഒരു ജോലിയും സ്വീകരിക്കരുത്. നീ അജ്ഞനാകുന്നു, പക്ഷേ ജ്ഞാനം ലഭിച്ചാല്‍ അപ്പോള്‍ തന്നെ സകല ഹിന്ദുക്കളെയും ജഹനത്തില്‍ (നരകം)അയയ്ക്കും. ഈ പ്രവിശ്യയില്‍ നിങ്ങള്‍ക്കാണ് ഭൂരിപക്ഷം. ഹിന്ദുക്കള്‍ക്ക് സ്വന്തം സ്വത്തില്ലായിരുന്നു. നിങ്ങളുടേത് പിടിച്ചുപറിച്ചാണവര്‍ ധനികരായത്. നിങ്ങള്‍ വേണ്ടത്ര പ്രബുദ്ധരായാല്‍ ഹിന്ദുക്കള്‍ പട്ടിണി കിടന്നു ഒടുക്കം മുസല്‍ന്മാരായിക്കോളും.'' (R. C MAJUMDAR, History of Freedom Movement in India VL.  XI  page 54,55)

ഇടതു പക്ഷത്തിന്റെ കപടവാദം 

ഇന്ത്യയില്‍ ഇസ്ലാമിക ഭീകരവാദം ഉണ്ടായതും വളരുന്നതും ഹിന്ദുസംഘടനകളുടെ, പ്രത്യേകിച്ച് സംഘപരിവാറിന്റെ, നയങ്ങളും നടപടികളും മൂലമാണെന്ന ന്യായീകരണം ഇടതുപക്ഷം ഉന്നയിക്കുന്നു. എന്നാല്‍ ഇക്കാര്യം മുസ്ലിം സംഘടനകള്‍ ഉന്നയിക്കുന്നില്ല എന്നതു ശ്രദ്ധേയം ആണ്. ഇടതുപക്ഷത്തിന്റെ ഈ പ്രചാരണം ശുദ്ധകളവാണ് എന്നതിനു ചരിത്രം സാക്ഷിയാണ്.

1906ലാണ് മുസ്ലിംലീഗ് സ്ഥാപിച്ചത്, 1915 ലാണ് ഹിന്ദു മഹാസഭ രൂപീകരിച്ചത്, ലീഗ്  ആരംഭിച്ച് ഒന്‍പതു വര്‍ഷത്തിന് ശേഷം. 1925 ലാണ് ആര്‍എസ്എസ് സ്ഥാപിച്ചത്. അതായത് ലീഗ് തുടങ്ങി 19 വര്‍ഷത്തിന് ശേഷം.  ലീഗ് തുടങ്ങുമ്പോള്‍ ആര്‍എസ്എസിന്റെ  സ്ഥാപകന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. 

ചരിത്രവസ്തുത ഇതായിരിക്കെ മുസ്ലിം തീവ്രവാദത്തിനു കാരണക്കാര്‍ ഹിന്ദുസംഘടനകള്‍-സംഘപരിവാര്‍ ആണെന്ന് പറയുന്നതു ജനങ്ങളെ പരിഹസിക്കലാണ്. ഈ ചരിത്ര വസ്തുതകള്‍ വ്യക്തമാക്കുന്നത്  ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമം മുസ്ലിംലീഗിലൂടെയും മറ്റു തീവ്രവാദി സംഘടനകളിലൂടെയും നടത്തുന്നു എന്നു തന്നെയാണ്. 

ലീഗ് തീവ്രവാദ സംഘടനയല്ല, വര്‍ഗീയ നിലപാടുകള്‍ അതിനില്ല എന്നെല്ലാം ഇടതുപക്ഷവും കോണ്‍ഗ്രസ്സും മറ്റു രാഷ്ട്രീയ കക്ഷികളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ലീഗിന്റെ സ്ഥാപന സമയത്ത്  അതു നിര്‍വഹിക്കേണ്ട ദൗത്യം സംബന്ധിച്ച വിശദീകരണമാണ് മുകളില്‍ കൊടുത്തത്. മുസ്ലിം തീവ്രവാദത്തെ ഒരിക്കലും ലീഗ് തള്ളിപ്പറഞ്ഞിട്ടില്ല. മാത്രമല്ല അതിന് ആവശ്യമായ പരിരക്ഷ നല്‍കുന്നുമുണ്ട്. തീവ്രവാദ മുസ്ലിം സംഘടനകള്‍ അക്രമത്തിലൂടെ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ലീഗ് സംഘടിത വോട്ടുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നു.

ഭരണകൂടത്തിന്റെ വിവിധ മേഖലകള്‍ ലീഗിന്റെ താല്‍പ്പര്യത്തിനനുസരിച്ച് മാറ്റുന്നതിന് ശ്രമിക്കുന്നു. ലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് പൂര്‍ണമായും ശരിയാണ്. കമ്പ്യൂട്ടറില്‍ 'വൈറസ്' ബാധയുണ്ടായാല്‍ അതിനകത്തെ ഡേറ്റകള്‍ നശിക്കും. ലീഗ് ചെയ്യുന്നത് ഇതാണ്. ലീഗ് എന്ന  വൈറസ് ഇന്ത്യയുടെ തനിമയും അഖണ്ഡതയും നശിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.