ജയിക്കുന്ന ഒരു മണ്ഡലം പറയാമോ, രാഹുല്‍?

Sunday 14 April 2019 4:05 am IST
കോണ്‍ഗ്രസ് ദയനീയമായി ഒറ്റപ്പെടുന്നു എന്നു തന്നെയാണ് ആദ്യഘട്ട വോട്ടെടുപ്പിന്റെ ഏറ്റവും വലിയ സന്ദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം  പൂര്‍ത്തിയായി; 91 മണ്ഡലങ്ങളാണ് വോട്ടു ചെയ്തത്. കോണ്‍ഗ്രസ്സിന് നെഞ്ചില്‍ കൈവെച്ച് പറയാമോ ഇതില്‍  എത്ര സീറ്റ് കിട്ടുമെന്ന്? ജയിക്കുമെന്ന് ഉറപ്പുള്ള ഒരെണ്ണം പറയാമോ? ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി കണ്ടത്, 'അത് ഞങ്ങള്‍ക്ക് അത്രയേറെ സ്വാധീനമുള്ള മേഖലയൊന്നുമല്ലല്ലോ' എന്നതാണ്. കോണ്‍ഗ്രസ്സിന്റെ പരമാവധി പ്രതീക്ഷ രണ്ടെണ്ണം! ഇന്ത്യയെ സ്വാധീനിക്കാന്‍ കഴിയുന്ന 'ന്യായ്' പദ്ധതിയുമായി ഇറങ്ങിയ  കോണ്‍ഗ്രസ്സിന് കൈനീട്ടം ഇതേയുള്ളൂ എന്നര്‍ത്ഥം. അത് കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്ത് പ്രകടവുമാണ്. 

കോണ്‍ഗ്രസ്സിന്റെ പഴയ കോട്ടകള്‍ ആണ് ആ ഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് പോയത്. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഒറീസ, ആസാം, അരുണാചല്‍ പ്രദേശ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ജമ്മുകശ്മീര്‍.  മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, ആസാം, ബീഹാര്‍, ഒറീസ, യു.പി എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളും കഴിഞ്ഞു എന്നല്ല, എന്നാല്‍ ആദ്യഘട്ടം നടന്നു. ഉത്തരാഖണ്ഡും ആന്ധ്രയും തെലങ്കാനയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും  ഏതാണ്ടൊക്കെ  പൂര്‍ത്തിയായി. എന്നിട്ടാണ് കോണ്‍ഗ്രസ്സിന്റെ  ഈ ദുഃസ്ഥിതി. ഒരു സീറ്റ് ജയിക്കും എന്ന് ഉറപ്പിച്ചു പറയാന്‍ അവര്‍ക്കാവുന്നില്ല എങ്കില്‍, എന്ത് സൂചനയാണ് അത് നല്‍കുന്നത്? 

ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പൊതുവേയുണ്ടായ വിലയിരുത്തല്‍ വോട്ടിങ് ശതമാനം കൂടിയാല്‍ അത് ബിജെപിക്ക് അനുകൂലമാകും എന്നതായിരുന്നു. തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധന്മാര്‍ അക്കാര്യം ചൂണ്ടിക്കാട്ടി; മാത്രമല്ല, വോട്ടിങ്ങിന്റെ കണക്കുകള്‍ മുഴുവന്‍ പുറത്തുവരുന്നതിന് മുന്‍പായി അവര്‍ 'ബിജെപിക്ക് തിരിച്ചടി' എന്ന് പ്രവചിക്കുകയും ചെയ്തു. കാരണം അന്ന് സന്ധ്യക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമല്ലായിരുന്നു; അതനുസരിച്ച് പോളിങ് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവുമായിരുന്നു. എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടു, 69. 43 %.  2014 ല്‍ ഇതേ മണ്ഡലങ്ങളില്‍ നടന്ന പോളിങ്  66. 44 % ആയിരുന്നു.

മായാവതിയുടെ നിരാശ

വേറൊന്ന്, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സൂചനയാണ്. വോട്ടെടുപ്പ് കഴിഞ്ഞയുടനെ മായാവതി നടത്തിയ ഒരു പ്രസ്താവനയുണ്ട്. 'മുസ്ലിങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല, അവര്‍ പോളിങ് ബൂത്തിലെത്തിയില്ല' എന്ന്. പടിഞ്ഞാറന്‍ യുപിയിലായിരുന്നു ആദ്യ ഘട്ട പോളിങ്. പഴയ ചരണ്‍ സിങ്ങിന്റെ സാമ്രാജ്യം, ജാട്ട്-മുസ്ലിം കൂട്ടുകെട്ടിന്റെ കേന്ദ്രം. അവിടെ മുസ്ലിം സഹോദരങ്ങളെ വോട്ടിങ്ങിന് അനുവദിക്കാതിരുന്നുവെങ്കില്‍ ഇന്ന് ലോകമെമ്പാടും ബഹളമായേനെ. യഥാര്‍ഥ കാരണം, മുസ്ലിങ്ങള്‍ വോട്ട് ചെയ്യാന്‍ കുറച്ചേ വന്നിട്ടുള്ളൂ എന്നതാണ്; വന്നവരില്‍ കുറേപ്പേര്‍ കോണ്‍ഗ്രസ്സിന് വോട്ടും ചെയ്തു.

അതാണ് മായാവതിയെ വല്ലാതെ നിരാശയാക്കിയത്. ചരണ്‍ സിങ്ങിന്റെ കുടുംബ മണ്ഡലമായ ബാഗ്പത്ത് അടക്കമുള്ളിടത്താണ് ഇതുണ്ടായത് എന്നത് എടുത്തുപറയേണ്ടുന്ന കാര്യമാണ്. യുപിയില്‍ എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്, അതില്‍ ആറെണ്ണം ബിജെപി ഉറപ്പായി വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍; ഒരിടത്ത് രണ്ടുപേര്‍ക്കും തുല്യസാധ്യത; മായാവതിയുടെ വേവലാതിയുടെ കാരണവും അതുതന്നെയാണ്.  

മഹാരാഷ്ട്രയില്‍ ആദ്യഘട്ടത്തിലെ ഏഴിടത്തും എന്‍ഡിഎ വിജയിക്കുമെന്ന വിലയിരുത്തലാണ് നിരീക്ഷകര്‍ക്കുള്ളത്. അതുപോലെതന്നെയാണ് ത്രികോണ മത്സരം നടക്കുന്ന ബീഹാര്‍, ബംഗാള്‍, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്യവും. ബീഹാറില്‍ ലാലു കുടുംബത്തിലെ അന്തഃച്ഛിദ്രവും ഇടത് പാര്‍ട്ടികള്‍ മൂന്നാം മുന്നണിയായി മത്സരിക്കുന്നതും ബിജെപി വിരുദ്ധ പക്ഷത്ത് വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ആസ്സാം എന്നിവിടങ്ങളിലും വിജയം ബിജെപി പക്ഷത്താണ് എന്നതാണ് വിലയിരുത്തല്‍. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സും തെലങ്കാനയില്‍ ടിആര്‍എസും വിജയം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ഏതെങ്കിലും ഒരു സീറ്റ് എങ്കിലും കിട്ടുമെന്ന് പറയാനാവാത്ത അവസ്ഥയായി. ഏറെ പ്രധാനപ്പെട്ട മറ്റൊരു  സൂചന കണ്ടത് ജമ്മുകശ്മീരില്‍ നിന്നാണ്; താഴ്‌വരയിലെ ഒരു മണ്ഡലത്തില്‍  സജ്ജാദ് ഗനി ലോണ്‍ വിജയിച്ചേക്കാന്‍ ഇടയുണ്ട് എന്നതാണത്.

ആദ്യഘട്ടത്തിന്റെ സന്ദേശം

ഇത്രയേറെ കോലാഹലങ്ങള്‍ മനപ്പൂര്‍വം പ്രതിപക്ഷം ഉണ്ടാക്കിയിട്ടും നരേന്ദ്ര മോദിയുടെ പ്രതിച്ഛായയില്‍  ഒരു ഇടിവുമുണ്ടായിട്ടില്ല. 2014 നെ അപേക്ഷിച്ച് എന്‍ഡിഎയുടെ അംഗബലം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം, കോണ്‍ഗ്രസിന്റെ  അടിത്തറ വീണ്ടും തകരുന്നു. ഇത്തവണ വലിയ കുറെ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് 'ന്യായ്' അഥവാ മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം വാരിക്കോരി കൊടുക്കുമെന്ന വാഗ്ദാനം. അത് നടപ്പിലാക്കാനാവില്ല എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചപ്പോഴും ഈ പദ്ധതി കോണ്‍ഗ്രസ്സിന്റെ സ്വീകാര്യത വളരെ വര്‍ധിപ്പിക്കുമെന്നും നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുമാണ് അവര്‍ പ്രചരിപ്പിച്ചത്. ഒരു 'ഗെയിം ചേഞ്ചര്‍' എന്നാണല്ലോ അവര്‍ അതിനെ വിശേഷിപ്പിച്ചത്. പക്ഷെ, അത് എങ്ങും ഏറ്റിട്ടില്ല, എവിടെയുമെത്തിയതുമില്ല. കോണ്‍ഗ്രസ് ദയനീയമായി ഒറ്റപ്പെടുന്നു എന്നു തന്നെയാണ്  ആദ്യഘട്ടം വോട്ടെടുപ്പിന്റെ ഏറ്റവും വലിയ സന്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.