വീട്ടിലെത്തി വോട്ടില്‍ തൊട്ട്...

Sunday 14 April 2019 4:38 pm IST

കൊച്ചി: സ്ഥാനാര്‍ഥി പ്രഖ്യാപനം അല്‍പം വൈകിയെങ്കിലും എറണാകുളം ലോക്സഭ മണ്ഡലത്തില്‍ മൂന്നുവട്ടം പ്രചാരണം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം കരുത്തുറ്റ സാന്നിധ്യമായി മാറിക്കഴിഞ്ഞെന്ന് ബിജെപി വിലയിരുത്തല്‍. 

കേവലമായ ത്രികോണ മത്സരമെന്നതിനുമപ്പുറം യുഡിഎഫ്- എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് അതിശകതമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇതിനകം കണ്ണന്താനത്തിന് സാധിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് പറഞ്ഞു. ചിട്ടയും കണിശവുമായ പ്രചാരണം കൂടുതല്‍ ശക്തമാകുമെന്നും വിവിധതല വിലയിരുത്തലുകള്‍ക്കു ശേഷം വ്യക്തമാക്കി. നിയോജക മണ്ഡലങ്ങളിലെ പരസ്യപ്രചാരണങ്ങള്‍ പൂര്‍ത്തിയാക്കിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നാലാംഘട്ട പര്യടനം ഇന്നലെ തുടങ്ങി.

രാവിലെ ആറിന് കൊച്ചിരൂപതയുടെ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ യോഗ പരിപാടിയില്‍ യോഗ ചെയ്ത് പങ്കെടുത്തശേഷം വല്ലാര്‍പാടത്ത് ആരംഭിച്ച പ്രചാരണം ബിജെപി ജില്ലാ സെക്രട്ടറി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. പനമ്പുകാട്,ബോള്‍ഗാട്ടി,തണ്ടാശ്ശേരി,മുളവുകാട്, കടമക്കുടി, പിഴല, മൂലമ്പിള്ളി, കോതാട് തുടങ്ങിയ ദ്വീപുപ്രദേശങ്ങളില്‍ എത്തിയ സ്ഥാനാര്‍ഥി വോട്ടര്‍മാരെ മുഖാമുഖം കണ്ടുഅതാതിടത്തെ പ്രശ്നങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. വൈപ്പിനില്‍ നോര്‍കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മൂന്നുമണിക്കൂറിലേറെ നീണ്ട റോഡ്ഷോയോടെയാണ് പ്രചാരണം സമാപിച്ചത്. കണ്ണന്താനത്തിന്റെ പ്രചരണാര്‍ത്ഥം മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ റോഡ്‌ഷോ എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

കഥകളി, പൂക്കാവടി തുടങ്ങി കലാരൂപങ്ങളും വാദ്യഘോഷങ്ങളും വര്‍ണബലൂണുകളുമൊക്കെ ഇടംപിടിച്ച വര്‍ണാഭമായ ഘോഷയാത്ര രാജേന്ദ്രമൈതാനത്തിനു സമീപം ഗാന്ധിസ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് ഹൈക്കോടതി ജങ്ഷനില്‍ സമാപിച്ചു. ഇന്ന് വാരാപ്പുഴയില്‍ നിന്നാരംഭിച്ചു പറവൂര്‍ നിയോജക മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കണ്ണന്താനം വോട്ടര്‍മാരെ നേരില്‍ കാണാനെത്തും.രാവിലെ 7.30നു ഏലൂര്‍ ഫാക്ട് എംപ്ലോയീസ് എസ്‌സി/ എസ്ടി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അംബേദ്കര്‍ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കും.രാവിലെ 7.30നു ഉദ്യോഗമണ്ഡലിലെ അംബേദ്കര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.