മാണ്ഡ്യയില്‍ കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണം: ചേലുവരയസ്വാമിയും സുമലതയ്‌ക്കൊപ്പം

Monday 15 April 2019 4:16 am IST

ബെംഗളൂരു: മാണ്ഡ്യയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ എത്തിയിട്ടും രക്ഷയില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും മണ്ഡലത്തിലെ മുന്‍ എംപിയുമായ ചേലുവരയസ്വാമി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ. ബിജെപി പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടി സുമലതയ്ക്ക്. 

മണ്ഡലത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് തര്‍ക്കമില്ലെന്നും ഒറ്റക്കെട്ടാണെന്നും ബോധ്യപ്പെടുത്താനായിരുന്നു രാഹുല്‍ എത്തിയത്. കെ.ആര്‍. നഗറില്‍ നടന്ന യോഗത്തില്‍ രാഹുലിനൊപ്പം എച്ച്.ഡി. ദേവഗൗഡ, എച്ച്.ഡി. കുമാരസ്വാമി, സിദ്ധരാമയ്യ തുടങ്ങിയവര്‍ പങ്കെടുത്തെങ്കിലും മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ വിട്ടുനിന്നത് കോണ്‍ഗ്രസിന് നാണക്കേടായി. ചേലുവരയസ്വാമി, നരേന്ദ്രസ്വാമി, രമേശ്ബന്ദിസിദ്ധ ഗൗഡ എന്നിവരാണ് വിട്ടു നിന്നത്. ഇവര്‍ക്കായി വേദിയില്‍ നിശ്ചയിച്ചിരുന്ന കസേരകള്‍ പരിപാടി കഴിയും വരെ ഒഴിഞ്ഞു കിടന്നു. 

ഇതിനിടയില്‍ ചേലുവരയസ്വാമി സുമലതയെ പിന്തുണച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയാണ് അനുയായികള്‍ ആഘോഷമാക്കിയത്. 

നിഖില്‍ കുമാരസ്വാമിക്കായി പ്രവര്‍ത്തിക്കണമെന്ന് ചേലുവരയസ്വാമി ഉള്‍പ്പെടെയുള്ളവരോട് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ വഴങ്ങിയിരുന്നില്ല. സിദ്ധരാമയ്യ നേരിട്ട് മാണ്ഡ്യയില്‍ എത്തിയെങ്കിലും വേദി പങ്കിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി നേരിട്ട് മണ്ഡലത്തില്‍ എത്തിയത്. ഇതും വിജയിച്ചില്ല. 

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സുമലതയ്‌ക്കൊപ്പം കൂടിയതോടെ മണ്ഡലത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥി നിഖില്‍കുമാരസ്വാമിയുടെ പ്രചാരണത്തിന് കോണ്‍ഗ്രസ് പതാക പിടിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. സുമലതയ്ക്കുവേണ്ടി പാര്‍ട്ടി പതാകയുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നത്. സുമലതയുടെ പരിപാടിയില്‍ പതാക ഉപയോഗിക്കുന്നതു വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. തന്നെ പിന്തുണയ്ക്കുന്നവര്‍ അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുമായി വരുന്നതിനെ തടയില്ലെന്നാണ് സുമലതയുടെ നിലപാട്. സുമലതയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന് ഇതുവരെ കെപിസിസി അംഗം ഉള്‍പ്പെടെ 15 കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.