പന്തോ കാര്‍ത്തിക്കോ ഇന്ന് അറിയാം

Monday 15 April 2019 4:45 am IST

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുളള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ രണ്ടാം വിക്കറ്റ് കീപ്പറായി ആരെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഋഷഭ് പന്തിനോ ദിനേശ് കാര്‍ത്തിക്കിനോ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കായി തെരഞ്ഞെടുത്ത ടീമില്‍ ഏറെ മാറ്റങ്ങള്‍ വേണ്ടെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ആരെയൊക്കെ ലോകകപ്പ് ടീമലുള്‍പ്പെടുത്തണമെന്ന് സെലക്ടര്‍മാര്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ നാലാം നമ്പര്‍ പോലുള്ള സ്ഥാനങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഐപിഎല്ലിലെ കളിക്കാരുടെ പ്രകടനം ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് നേരത്തെ തന്നെ വ്യക്തമാക്കി. പക്ഷെ കളിക്കാരുടെ കായിക ക്ഷമത പരിശോധിക്കാന്‍ ഐപിഎല്ലിലെ പ്രകടനം പരിഗണിക്കും.

യുവതാരമായ ഋഷഭ് പന്തിന് അവസരങ്ങള്‍ ലഭിച്ചിട്ടും വേണ്ടത്ര ശോഭിക്കാനായില്ല. അതേസമയം ദിനേശ് കാര്‍ത്തിക് പരിചയ സമ്പന്നാണ്. നിര്‍ണായക സമയങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ കാര്‍ത്തിക്കിന് കഴിയും.  ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ എം.എസ്. ധോണി വിട്ടുനിന്ന അവസാന രണ്ട് മത്സരങ്ങളില്‍ കാര്‍ത്തിക്കിനെ ഒഴിവാക്കി. പകരം ഋഷഭ് പന്തിന് അവസരം നല്‍കി. കളിക്കാരുടെ കരാറില്‍ പന്തിന് എ ഗ്രേഡും നല്‍കി. അതേസമയം കാര്‍ത്തിക്കിനെ ഗ്രേഡ് ബിയില്‍ നിന്ന് സി യിലേക്ക്് തരംതാഴ്ത്തി.

ഓള്‍ റൗണ്ടര്‍ വിജയ്ശങ്കറിന്റെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ സംതൃപ്തരാണ്. ഈ സാഹചര്യത്തില്‍ നാലാം നമ്പറിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന അമ്പാട്ടി റായ്ഡുവിന് വിജയ് ശങ്കറില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.

വിജയ് ശങ്കറിനെ തെരഞ്ഞെടുത്താല്‍ പേസ് ബൗളറായി ഉപയോഗിക്കാനും കഴിയും. ശങ്കര്‍ ടീമിലെത്തിയാല്‍ അത് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ടീമിലെത്താന്‍ വഴിയൊരുക്കും. സെപ്തംബറില്‍ ജഡേജ ഏകദിന ക്രിക്കറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.