ചെല്‍സി ക്ലബ്ബ് വില്‍പ്പനയ്ക്ക്

Monday 15 April 2019 3:26 am IST

ലണ്ടന്‍: റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രാമോവിച്ച് ചെല്‍സി ക്ലബ്ബ് വില്‍ക്കാന്‍ ഒരുങ്ങുന്നതായി ഇംഗ്ലണ്ടിലെ ദ മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.അമേരിക്കയിലെയും ഏഷ്യയിലെയും വന്‍ വ്യവസായ ഗ്രൂപ്പുകള്‍ ക്ലബ്ബ് വാങ്ങാനായി രംഗത്തെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയതായി ക്ലബ്ബ്  അധികൃതര്‍ അറിയിച്ചു. 22134 കോടിയാണ് വില. ഇംഗ്ലണ്ടിലെ കോടീശ്വരന്‍ ജിം റാറ്റ്ക്ലിഫും ക്ലബ്ബില്‍ നോട്ടമിട്ടതായി പത്രം പറയുന്നു. 

2003 ല്‍ 968 കോടി രൂപയ്ക്കാണ് അബ്രാമോവിച്ച് ചെല്‍സി ക്ലബ്ബ് വാങ്ങിയത്. അബ്രാമോവിച്ച് ക്ലബ്ബ്  ഏറ്റെടുത്തതോടെ ചെല്‍സിയുടെ  സുവര്‍ണകാലം തുടങ്ങി. നീണ്ട പതിനാറു വര്‍ഷത്തിനിടയില്‍ ചെല്‍സി അഞ്ചുതവണ പ്രീമിയര്‍ ലീഗ്് കിരീടം സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗിലും കിരീടമണിഞ്ഞു. ഈ സീസണില്‍  പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. യുവേഫ യൂറോപ്പ ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്ലാവിയ പ്രേഗിനെ തോല്‍പ്പിച്ച് സെമിസാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. 

പക്ഷെ ഈസീസണില്‍ ചെല്‍സിയുടെ ഒറ്റക്കളിപോലും ഉടമയായ അബ്രാമോവിച്ചിന് കാണാനായില്ല. ഇംഗ്ലണ്ട് വിസ അനുവദിക്കാത്തതാണ് പ്രശ്‌നം. കഴിഞ്ഞ വര്‍ഷം സാലിസ്ബറിയില്‍ റഷ്യന്‍ ഏജന്റ് സ്‌ക്രിപാലിനെയും മകളെയും രണ്ട് റഷ്യക്കാര്‍ വിഷംകൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന്്  ഇംഗ്ലണ്ട് റഷ്യക്കാര്‍ക്കുള്ള വിസ നിയമം കര്‍ശനമാക്കിയിരിക്കുകയാണ്.  അബ്രാമോവിച്ച് ഇസ്രയേല്‍ പൗരത്വം സ്വീകരിച്ചിട്ടും ഇംഗ്ലണ്ട് വിസ അനുവദിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.