ബിജെപിക്കെതിരെ വോട്ടിങ് യന്ത്രത്തിന്റെ പേരിലും ദേശാഭിമാനിയില്‍ വ്യാജവാര്‍ത്ത

Monday 15 April 2019 9:27 am IST

കണ്ണൂര്‍: വോട്ടിങ് യന്ത്രത്തില്‍ ഏത് പാര്‍ട്ടിക്ക് വോട്ടു ചെയ്താലും പതിക്കുന്നത് താമര ചിഹ്നത്തിലെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വ്യാജ വാര്‍ത്ത. 

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ അഴീക്കോട് നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ ഇത്തരത്തില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് പത്രവാര്‍ത്ത. 154 ബൂത്തുകളാണ് അഴീക്കോട് നിയോജകമണ്ഡലത്തിലുള്ളത്.

അധികം കരുതേണ്ടതുള്‍പ്പെടെ ആകെ 185 മെഷീനുകളാണ് തയാറാക്കിയിട്ടുള്ളത്. ഇതില്‍ നറുക്കെടുപ്പിലൂടെ എട്ട് മെഷീനുകളാണ് പരിശോധിച്ചത്. സ്വതന്ത്രരുള്‍പ്പടെ പതിനാല് സ്ഥാനാര്‍ത്ഥികളാണ് കണ്ണൂരില്‍ മത്സര രംഗത്തുള്ളത്. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയാലും ബിജെപിക്കെന്നാണ് ആരോപണമുന്നയിച്ചത്. 

ദേശാഭിമാനി പത്രത്തില്‍ പറയുന്നതുപോലെ മെഷീനുകളില്‍ ഒന്നില്‍ പോലും ക്രമക്കേടുകള്‍ കണ്ടെത്തിയില്ലെന്നാണ് പരിശോധനാ സമയത്ത് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ ഹാജരായ ബിജെപി അഴീക്കോട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍. മുകുന്ദന്‍ വ്യക്തമാക്കിയത്. എല്ലാ മെഷീനുകളും പൂര്‍ണ്ണമായും പരിശോധിച്ച ശേഷമാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാര്‍ പിരിഞ്ഞ് പോയത്. ഇതിന് വിരുദ്ധമായാണ് വാര്‍ത്ത നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.