നാമജപം പിണറായിക്ക് അരോചകമായി, ക്ഷേത്ര ഉച്ചഭാഷിണിയുടെ ഫ്യൂസൂരി നേതാക്കൾ

Tuesday 16 April 2019 12:03 pm IST
സംഭവം കാട്ടാക്കട കാട്ടാൽ ക്ഷേത്ര ഉത്സവ പരിധിയിൽ മുഖ്യമന്ത്രി പ്രസംഗിക്കവെ

തിരുവനനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രസംഗിക്കാനെത്തിയ മുഖ്യമന്ത്രിക്ക് സമീപത്തെ ക്ഷേത്രത്തിൽ നിന്നുയർന്ന നാമജപം അരോചകമായി. പ്രസംഗം നിർത്തി മുഖ്യൻ അതൃപ്തി അറിയിച്ചു. ഉടൻ വേദിയിലുണ്ടായിരുന്ന സ്ഥലം എംഎൽഎ ഐ.ബി സതീഷും മുൻ നേമം എംഎൽഎ വി.ശിവൻകുട്ടിയും പുറത്തിറങ്ങി. നിമിഷങ്ങൾക്കകം പ്രദേശത്തെ ഉച്ചഭാഷിണികൾ നിശബ്ദം. 

തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി കാട്ടാക്കടയിൽ പ്രസംഗിക്കാനെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി കാട്ടാൽ ഭദ്രകാളി ക്ഷേത്രത്തിൽ തൂക്ക ഉത്സവം നടക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ആചാരപ്രകാരം നടന്ന നാമജപമാണ് നേതാക്കൾ ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് തടസപ്പെടുത്തിയത്. നേതാക്കളുടെ അതിക്രമം നൂറുകണക്കിന് പോലീസും നാട്ടുകാരും നോക്കിനിൽക്കെ. 

നിയമപ്രകാരം മൈക്ക് ഓർഡർ വാങ്ങി സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളാണ് ഇവർ കേടുവരുത്തിയത്. കാട്ടാൽ തൂക്കത്തോടനുബന്ധിച്ച് കാട്ടാക്കട ഉത്സവമേഖലയാണ്. ഇവിടെ മുഖ്യമന്ത്രി പ്രസംഗിച്ച വേദിയിലും പരിസര പ്രദേശങ്ങളിലും മൈക്ക് ഓർഡർ നൽകിയത് നിയമങ്ങൾ ലംഘിച്ചെന്ന് ക്ഷേത്ര ഭരണ സമിതി പറയുന്നു. എൽഡിഎഫ് മേഖലാ കമ്മറ്റിക്ക് ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ പോലീസ് അനുമതി നൽകിയത് സംഘർഷം ഉണ്ടാക്കാനായിരുന്നെന്ന് ക്ഷേത്ര ഭാരവാഹികൾ ആരോപിച്ചു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മുഖ്യമന്ത്രി ഇവിടെ  പ്രസംഗിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 

ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സന്തോഷ് കുമാർ അറിയിച്ചു. ഞായറാഴ്ച കാട്ടാൽ ക്ഷേത്രത്തിൽ ഹിന്ദു മഹാസമ്മേളനം നടന്നിരുന്നു. സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി പ്രസംഗിച്ചപ്പോൾ സിപിഎമ്മുകാർ ക്ഷേത്ര പരിസരത്ത് ഉച്ചഭാഷിണി പ്രവർത്തിപ്പിച്ച് പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.