മുസ്ലിം പള്ളികളില്‍ കയറുന്നതില്‍ സ്ത്രീകളെ വിലക്കുന്നത് ആരെന്ന് സുപ്രീംകോടതി

Tuesday 16 April 2019 12:06 pm IST
ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14ാം അനുച്ഛേദം ഈ വിഷയത്തില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍, വഖഫ് ബോര്‍ഡുകള്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് നല്‍കി.

ന്യൂദല്‍ഹി : സ്ത്രീകളെ മുസ്ലിം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ആരാഞ്ഞു. സ്്ത്രീകള്‍ക്ക് മുസ്ലിം പള്ളിയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചത്. 

മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. ജസ്റ്റിസ് എസ് എ ബോബ്‌ടെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14ാം അനുച്ഛേദം ഈ വിഷയത്തില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍, വഖഫ് ബോര്‍ഡുകള്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. 

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.