തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്: മായാവതിയുടെ ഹര്‍ജി പരിഗണിച്ചില്ല

Tuesday 16 April 2019 12:53 pm IST

ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതിലൂടെ കമ്മീഷന്‍ ശക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണെന്നും കോടതി അറിയിച്ചു. 

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് മായാവതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം തനിക്കെതിരെ 48 മണിക്കൂര്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യപരവുമാണെന്ന് മായാവതി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ ഇതിന് പലിശ സഹിതം തിരിച്ചുകൊടുക്കും. 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന് പിന്നിലെ രഹസ്യ അജണ്ട ജനം മനസ്സിലാക്കുമെന്നും മായാവതി ലഖ്‌നൗവില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കമ്മീഷന്‍ 72 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.