വികസനത്തിന് തുടര്‍ഭരണം അനിവാര്യം: സുഷമാ സ്വരാജ്

Wednesday 17 April 2019 1:38 am IST

കൊച്ചി: കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ ഭരണം രാജ്യ വികാസത്തിന് അനിവാര്യമാണെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎയെ അധികാരത്തിലേറ്റണമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ലോകരാജ്യങ്ങള്‍ പോലും ഇത് അംഗീകരിച്ചു.  ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സമ്മേളനത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന പാക് ആവശ്യം യുഎഇ തള്ളി. 1969-ല്‍ ഫക്രുദീന്‍ അലി അഹമ്മദ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായിരിക്കെ പാക് വിലക്കു മൂലം ഒഐസി സമ്മേളനത്തിന് ക്ഷണിച്ച ശേഷം ഇന്ത്യയോട് വിട്ടുനില്‍ക്കാന്‍ പറഞ്ഞിരുന്നു. അതേ ഒഐസിയാണ് പാക് വിലക്ക് തള്ളിയത്. 

  മുംബൈ ഭീകരാക്രമണത്തിനു പിന്നിലും പാക്കിസ്ഥാനായിരുന്നു. അന്നത്തെ സര്‍ക്കാരിന് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താമായിരുന്നു. പക്ഷേ, സര്‍ക്കാര്‍ അതു ചെയ്തില്ല. മോദി സര്‍ക്കാര്‍ ഉറി ആക്രമണത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി പ്രതികരിച്ചു. പുല്‍വാമയ്ക്ക് എയര്‍ സ്‌ട്രൈക്ക് നടത്തി തിരിച്ചടിച്ചു.  57 ഇസ്ലാമിക രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി ഞാന്‍ പ്രസംഗിച്ചു. അവരെല്ലാം ഇന്ത്യന്‍ നിലപാടും നടപടിയും ശരിവെച്ചു, സുഷമ പറഞ്ഞു. ശുചിത്വത്തിനാണ് മോദി സര്‍ക്കാര്‍  പ്രാധാന്യം കൊടുത്തത്. 2014 വരെ രാജ്യത്തെ ശുചിത്വത്തിന്റെ തോത് 40% ആയിരുന്നു. ഇപ്പോള്‍ 98 ശതമാനമാണ്. 10 കോടി ശുചിമുറികളാണ് അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ നിര്‍മിച്ചത്. മോദി ഭരണത്തിലെത്തുമ്പോള്‍ ആകെ പാചകവാതക കണക്ഷനുകള്‍ 12 കോടിയായിരുന്നു രാജ്യത്ത്. ഇപ്പോള്‍ 25 കോടിയായി. ഇതില്‍ ആറു കോടി സൗജന്യമായി നല്‍കിയതാണ്.

34 കോടി പേരാണ് ജന്‍ധന്‍ വഴി പുതിയതായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയത്. ദേശീയപാത നിര്‍മാണം ദിവസം 12 കിലോ മീറ്റര്‍ ആയിരുന്നത് 29 കിലോ മീറ്റീറാക്കി. പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ രാജ്യത്താകെ 77 എണ്ണമായിരുന്നു. ഇന്ന് അത് 505 ആയി. കേരളത്തില്‍ മാത്രം ആറെണ്ണം പുതുതായി തുടങ്ങി, സുഷമ പറഞ്ഞു.

2014ല്‍ ഇന്ത്യ ദുര്‍ബല സാമ്പത്തിക ശക്തികളില്‍ അഞ്ചാമതായിരുന്നു. ഇന്ന് വന്‍ സാമ്പത്തിക ശക്തികളില്‍ ലോകത്തെ ആറ് രാജ്യങ്ങളില്‍ ഒന്നാണ്. ആരോഗ്യ രംഗത്ത് 14 എയിംസുകള്‍ പുതുതായി തുടങ്ങി. 118 മെഡിക്കല്‍ കോളേജുകള്‍, 500 ജന്‍ ഒൗഷധി കേന്ദ്രങ്ങള്‍, ഒരുലക്ഷത്തിലേറെ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ മോദി സര്‍ക്കാര്‍ തുടങ്ങി.

14 പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. ഏഴ് വീതം ഐഐടികള്‍, ഐഐഎമ്മുകള്‍, 107 കേന്ദ്രീയ വിദ്യാലയങ്ങള്‍ 62 നവോദയ വിദ്യാലയങ്ങള്‍ എന്നിവ ആരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം വലിയ വിപ്ലവമാണ്. ആദായ നികുതി  പരിധി അഞ്ചുലക്ഷമാക്കി വര്‍ധിപ്പിച്ചു.  പട്ടികജാതി-വര്‍ഗ കമ്മീഷന്‍ പോലെ  മറ്റു പിന്നാക്ക വിഭാഗ കമ്മീഷന്‍ രൂപീകരിച്ചു.

 ബിജെപി മാത്രമാണ് ശബരിമല വിഷയത്തില്‍ വിശ്വാസപ്രമാണങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകരുതെന്ന നിലപാട് എടുത്തത്. കേരള സര്‍ക്കാരും സിപിഎമ്മും വിശ്വാസം തകര്‍ക്കാന്‍ വിശ്വാസികള്‍ക്കെതിരേ നിന്നു. കോണ്‍ഗ്രസാകട്ടെ ഇവിടെയോ അവിടെയോ എന്ന സ്ഥിതിയില്‍ നിലയുറപ്പിക്കാതെനിന്നു. ബിജെപി വെറും വര്‍ത്തമാനം മാത്രം പറയുകയല്ല ചെയ്തത്. 

തെരുവിലിറങ്ങി പോരാടി. അറസ്റ്റ് വരിച്ചു, അടിയേറ്റു, ജയിലില്‍ പോയി. വിശ്വാസസംരക്ഷണത്തിനിറങ്ങിയ ആ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണക്കാരായവരോട് പകരം ചോദിക്കാന്‍ വലിയ അദ്ധ്വാനമൊന്നും വേണ്ട, ഏപ്രില്‍ 23ന് വോട്ടു ചെയ്യുമ്പോള്‍ വിരല്‍ താമര ചിഹ്നത്തിനു നേരേ അമര്‍ത്തിയാല്‍മതി, സുഷമ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.