ഭക്തരോട് പിണറായി കാണിച്ചത് കൊടുംക്രൂരത: അമിത് ഷാ

Wednesday 17 April 2019 2:06 am IST
സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ഭക്തരെ വേട്ടയാടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും നടക്കുന്ന സംസ്ഥാനമാണിന്ന് കേരളം.

തൃശൂര്‍ : ശബരിമലയില്‍ ഭക്തരോട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍  അമിത് ഷാ. തൃശൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ശബരിമല സംബന്ധിച്ച വിശ്വാസം ഭരണഘടനാപരമായി സംരക്ഷിക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതാണ്. സുപ്രീംകോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ആവശ്യം വന്നാല്‍ നിയമ നിര്‍മാണമുള്‍പ്പെടെ പരിഗണിക്കും. അമിത് ഷാ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ഭക്തരെ വേട്ടയാടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും നടക്കുന്ന സംസ്ഥാനമാണിന്ന് കേരളം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്.  എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.  

 സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രളയദുരന്തത്തിനിടയാക്കിയതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നു. പ്രളയദുരന്തത്തെ തുടര്‍ന്ന് കേന്ദ്രം നല്‍കിയ സഹായങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അമിത് ഷാ ചൂണ്ടിക്കാട്ടി. 

അഞ്ച് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് മുമ്പില്ലാത്ത വിധം ഒട്ടേറെ വികസന പദ്ധതികളാണ് നല്‍കിയത്. റോഡ്, റെയില്‍,വ്യവസായം, കാര്‍ഷിക മേഖലകളിലെല്ലാം നടപ്പിലാക്കിയ പദ്ധതികള്‍ അമിത് ഷാ അക്കമിട്ട് നിരത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 45393 കോടി രൂപയാണ് പതിമൂന്നാം ധനകാര്യകമ്മീഷന്‍ കേരളത്തിന് അനുവദിച്ചത്. എന്‍ഡിഎ ഭരണകാലത്ത് പതിനാലാം ധനകാര്യകമ്മീഷന്‍ കേരളത്തിന് നല്‍കിയത് 1,98,155 കോടി രൂപയാണ്. 

 ബിജെപിയെ എതിര്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമില്ല. രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കമ്യൂണിസമാവട്ടെ ലോകവ്യാപകമായിത്തന്നെ അവസാനിച്ചിരിക്കുന്നു. ഭീകരരുമായി സന്ധി ചെയ്യുകയാണ് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് ബിജെപി പരമപ്രാധാന്യം നല്‍കുന്നത്. 

സുരേഷ് ഗോപിക്ക് നല്‍കുന്ന വോട്ട് നരേന്ദ്ര മോദിക്കുള്ള വോട്ടാണ്. രാജ്യത്തിന്റെ വികസനത്തിനുള്ള വോട്ടാണ്. അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. സുരേഷ് ഗോപി ,വി. മുരളീധരന്‍ എം.പി, എം.ടി. രമേശ്, കെ.പി. ശ്രീശന്‍, എം.എസ്. സമ്പൂര്‍ണ, ബി. ഗോപാലകൃഷ്ണന്‍, കെ.വി.സദാനന്ദന്‍, കെ.എ. ഉണ്ണികൃഷ്ണന്‍, കെ.പി. ജോര്‍ജ്,കെ.കെ. അനീഷ്‌കുമാര്‍, അനീഷ്  ഇയ്യാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.