രാഹുലിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി

Wednesday 17 April 2019 4:40 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ, ചൗക്കീദാര്‍ കള്ളനാണെന്ന് പറഞ്ഞുനടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ചൗക്കീദാര്‍ കള്ളനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും കോടതി ഇങ്ങനെ പറഞ്ഞുവെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഇതിന് വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പരിശോധിക്കുമെന്നു മാത്രമാണ് കോടതി പറഞ്ഞത്. ചൗക്കീദാര്‍ കള്ളനാണ് എന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

കോടതി രേഖപ്പെടുത്താത്ത അഭിപ്രായങ്ങളോ കണ്ടെത്തലുകളോ, കാഴ്ച്ചപ്പാടുകളോ, രാഷ്ട്രീയപരമായ വാര്‍ത്താസമ്മേളനങ്ങളിലോ പൊതുപ്രസംഗങ്ങളിലോ കോടതിയുടെ പേരില്‍ കെട്ടിവയ്‌ക്കേണ്ടതില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചൗക്കീദാര്‍ കള്ളനാണെന്ന് സുപ്രീംകോടതിയും അംഗീകരിച്ചുവെന്നാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി വക്താവ് മീനാക്ഷി ലേഖി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം.

പ്രസ്താവന കോടതിയുടെ പേരിലാക്കുകയാണ് രാഹുല്‍ ചെയ്‌തെന്ന് ഹര്‍ജി പരിഗണിക്കവേ ലേഖിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി കോടതിയില്‍ പറഞ്ഞു. ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് നിങ്ങള്‍ പറഞ്ഞതു ശരിയാണ്. ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ രാഹുലിനോട് വിശദീകരണം തേടിയത്. ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും നടത്താന്‍ കോടതിക്ക് ഒരവസരവും വന്നിട്ടുമില്ല. ചില രേഖകള്‍ അംഗീകരിക്കണമോയെന്നതിന്റെ നിയമ സാധുത മാത്രമാണ് ഞങ്ങള്‍ പരിശോധിച്ചത്. ഇതിന് വിശദീകരണം തേടുകയാണ് ഉചിതമെന്നും ഞങ്ങള്‍ കരുതുന്നു, കോടതി വ്യക്തമാക്കി.  

കേസില്‍ ഈ മാസം 23ന് അടുത്ത വാദം കേള്‍ക്കും. അതിനകം രാഹുല്‍ വിശദീകരണം നല്‍കണം.

റഫാലില്‍ രാഹുല്‍ പറഞ്ഞത്...

റഫാലുമായി ബന്ധപ്പെട്ട് മോഷണം പോയ ചില രേഖകള്‍ കോടതി പരിശോധിക്കരുതെന്ന് കേന്ദ്രം കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു. ഈ അഭ്യര്‍ഥന നിരസിച്ച കോടതി, രേഖകള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കി.

ഈ ഒരേ ഒരു കാര്യമാണ് ഏപ്രില്‍ പത്തിന് കോടതിയില്‍  നടന്നത്. എന്നാല്‍ കോടതി വിധിക്കുശേഷം, ചൗക്കീദാര്‍ കള്ളനാണെന്ന കാര്യം കോടതിയും അംഗീകരിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റംചെയ്ത കാര്യം പരമോന്നത നീതിപീഠം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് രാഹുല്‍ വാര്‍ത്താ ലേഖകരോട് പ്രതികരിച്ചത്. തുടര്‍ന്ന് മീനാക്ഷി ലേഖി രാഹുലിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യക്കേസ് നല്‍കി.

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ ബിജെപി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് രാഹുല്‍ തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രമ്രന്തി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.