30000 കോടിയോ, വെറും മൂന്നു ശതമാനമോ! ഇതാ യാഥാര്‍ഥ്യം...

Wednesday 17 April 2019 11:47 am IST
പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്‍ അടക്കം മുപ്പതോളം ഇന്ത്യന്‍ കമ്പനികളുമായി ഡസോള്‍ട്ട് ഓഫ്‌സെറ്റ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന് പുറമേ നൂറോളം കമ്പനികളുമായി ചര്‍ച്ചകളും പുരോഗമിക്കുന്നു. ഇതിലൊന്നു മാത്രമാണ് റിലയന്‍സ് എന്നിരിക്കെ എങ്ങനെ മുപ്പതിനായിരം കോടി രൂപ റിലയന്‍സിന് പോകും?

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുപ്പതിനായിരം കോടി രൂപ റിലയന്‍സിന്റെ അനില്‍ അംബാനിക്ക് വെറുതെ കൊടുത്തുവെന്നാണ്  റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാളുകളായുള്ള ആരോപണം. ഇന്നലെ കേരളത്തിലെത്തിയപ്പോഴും രാഹുല്‍ ഈ കള്ളം ആവര്‍ത്തിച്ചു. സത്യത്തില്‍ റഫാലില്‍ എത്രയാണ് റിലയന്‍സിന്റെ പങ്കാളിത്തം. ഇതാണ് കണക്കുകള്‍.

ഇന്ത്യയ്ക്ക് പൂര്‍ണസജ്ജമായ 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍  വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ട് എവിയേഷന്‍ 30,000 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചു എന്നത് മാത്രമാണ് യാഥാര്‍ഥ്യം. എന്നാല്‍ ഈ കരാര്‍ റിലയന്‍സുമായിട്ടല്ല. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്‍ അടക്കം മുപ്പതോളം ഇന്ത്യന്‍ കമ്പനികളുമായി ഡസോള്‍ട്ട് ഓഫ്‌സെറ്റ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന് പുറമേ നൂറോളം കമ്പനികളുമായി ചര്‍ച്ചകളും പുരോഗമിക്കുന്നു. ഇതിലൊന്നു മാത്രമാണ് റിലയന്‍സ് എന്നിരിക്കെ എങ്ങനെ മുപ്പതിനായിരം കോടി രൂപ റിലയന്‍സിന് പോകും?  

റഫാല്‍ കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലാണ്. എന്നാല്‍ ഫ്രഞ്ച് യുദ്ധവിമാന കമ്പനിയായ ഡസോള്‍ട്ട് വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള കരാറുകള്‍ എന്തിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കി. ഇതിന് ഉത്തരമാണ് മേയ്ക്ക് ഇന്‍ ഇന്ത്യ. കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ പുറംകരാറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഫ്രഞ്ച് കമ്പനി നല്‍കണമെന്ന ഇന്ത്യയുടെ നിലപാടാണ് ഇതിന് പിന്നില്‍. ലോകത്തിലെ മറ്റേതെങ്കിലും കമ്പനികള്‍ക്ക് ലഭിക്കേണ്ട കരാറുകള്‍ അതുവഴി ഇന്ത്യയിലേക്കെത്തി. 

റിലയന്‍സിന് എത്ര കിട്ടും?

മുപ്പതിനായിരം കോടി രൂപയുടെ ഓഫ്‌സെറ്റ് കരാറില്‍ വെറും മൂന്നു ശതമാനമാണ്  പിപവേവ് ഡിഫന്‍സ് ഏറ്റെടുത്ത് രൂപീകരിച്ച റിലയന്‍സ് ഏവിയേഷന്‍ ലിമിറ്റഡിന് കിട്ടുകയെന്ന് ഡസോള്‍ട്ട് ഏവിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി 900 കോടി രൂപയുടെ കരാര്‍ മാത്രമാണ് റിലയന്‍സുമായി ഫ്രഞ്ച് കമ്പനി ഉണ്ടാക്കിയത്. നാഗ്പൂരില്‍ 850 കോടി രൂപയുടെ നിക്ഷേപമിറക്കി ഫാല്‍ക്കണ്‍ എക്‌സിക്യൂട്ടീവ് ജെറ്റിന്റെ ഭാഗങ്ങളുണ്ടാക്കുന്ന ജോലിയാണ് റിലയന്‍സിന് ലഭിച്ചിരിക്കുന്നത്. 

ഓഫ്‌സെറ്റ് കരാര്‍ പ്രകാരം ഏറ്റവുമധികം തുക ലഭിക്കുക ഡിആര്‍ഡിഒയ്ക്കാണ്. ഏതാണ്ട് 9,000 കോടി രൂപ. എന്നാല്‍ ഇതില്‍ റിലയന്‍സ് എന്ന ഒരു കമ്പനിയെ മാത്രമെടുത്ത് വ്യാജ പ്രചാരണം നടത്തുകയാണ് രാഹുല്‍ഗാന്ധി. 

റിലയന്‍സ് അല്ലാതെ എത്ര ഇന്ത്യന്‍ കമ്പനികള്‍?

റഫാല്‍ ഓഫ്‌സെറ്റ് കരാറുകള്‍ പ്രധാനമായും നാലു നിര്‍മാതാക്കള്‍ക്കാണ് ഫ്രാന്‍സ് നല്‍കിയിരിക്കുന്നത്. പ്രധാന നിര്‍മാതാക്കളായ ഡസോള്‍ട്ട് 55 ഇന്ത്യന്‍ കമ്പനികളുമായും റഡാറും മറ്റും നിര്‍മിക്കുന്ന തേല്‍സ് 12 ഇന്ത്യന്‍ കമ്പനികളുമായും എഞ്ചിന്‍, ഇലക്ട്രോണിക്‌സ് ചുമതലയുള്ള സഫ്രാന്‍ 22 കമ്പനികളുമായും കരാറിലേര്‍പ്പെടുന്നുണ്ട്. എച്ച്‌സിഎല്‍, എല്‍ ആന്‍ഡ് ടി, മഹീന്ദ്ര, ടിടിഎസ്, ഗോദ്‌റെജ്, വിപ്രോ തുടങ്ങിയ പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ കമ്പനികള്‍ക്കും ഓഫ്‌സെറ്റ് കരാറുണ്ട്. 

ഓഫ്‌സെറ്റ് പങ്കാളികളെ തെരഞ്ഞെടുക്കുന്നതില്‍ രാജ്യത്തിന് യാതൊരു ഇടപെടലും നടത്താന്‍ സാധിക്കില്ലെന്ന വ്യവസ്ഥ ഉള്ളപ്പോള്‍ തന്നെ ഇന്ത്യയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച ഫ്രാന്‍സ് 90 ഇന്ത്യന്‍ കമ്പനികള്‍ക്ക് കരാറില്‍ പങ്കാളിത്തം നല്‍കുകയായിരുന്നു. ഇതെല്ലാം മറച്ചുവെച്ചാണ് റഫാല്‍ കരാര്‍ മുഴുവന്‍ റിലയന്‍സിനാണെന്ന വ്യാജ പ്രചാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.